തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ തുറക്കുമ്പോള്‍ വില കൂട്ടിയേക്കാമെന്ന് സൂചന. നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചനയുള്ളതിനാലാണ് വിലയില്‍ വര്‍ധനവുണ്ടാവുക. മദ്യത്തിന് നികുതി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭായോഗം ബുധനാഴ്ച തീരുമാനമെടുക്കും. വിലകൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞതിന് 10 ശതമാനവും നികുതി വര്‍ധനയ്ക്കാണ് ശുപാര്‍ശയുള്ളത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് 50 രൂപ വരെ വില വര്‍ധിച്ചേക്കും.
സാമൂഹിക അകലം പാലിക്കാതെ ഒരുമിച്ച് ഇരുന്നുള്ള മദ്യപാനം ആപത്തായതിനാല്‍ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും മദ്യം കുപ്പിയായും വിറ്റേക്കുമെന്നും സൂചനയുണ്ട്. തിരക്കൊഴിവാക്കാന്‍ ബാറുകളും ഔട്ട്‌ലെറ്റുകളുമുള്‍പ്പെടെയുള്ള രണ്ടായിരത്തിലേറെ കൗണ്ടറുകളിലൂടെ മദ്യം വില്‍ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്തുള്ള 265 ബവ്‌കോ ഔട്ട്‌ലെറ്റുകള്‍, 40 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍, 605 ബാറുകള്‍, 339 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഇവയിലെ രണ്ടു കൗണ്ടറുകളില്‍ കൂടി മദ്യം വില്‍ക്കുമ്പോള്‍ ഒരേ സമയം രണ്ടായിരത്തിലേറെ കൗണ്ടറുകളില്‍ നിന്നു മദ്യം പാഴ്‌സലായി ലഭിക്കും. അതേസമയം മദ്യം വാങ്ങുന്നതിന് ടോക്കണ്‍ ഏര്‍പ്പെടുത്താനുള്ള ബെവ്‌കോയുടെ മൊബൈല്‍ ആപ്പിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. ബെവ്‌കോയുടെ മൊബൈല്‍ ആപ്പില്‍ ബാറുകളേയും പാര്‍ലറുകളേയും ഉള്‍പ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
മദ്യശാലകള്‍ തുറന്നാല്‍ വലിയ തിരക്ക് ഉണ്ടാകുമെന്നതാണ് തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ വൈകിക്കുന്നത്. ഇത് മറികടക്കാന്‍ ബവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവയിലൂടെ മദ്യവും ബിയറും പാഴ്‌സലായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വഴി മദ്യം ലഭിക്കില്ല.
ഒരു കുപ്പി മദ്യത്തില്‍ ബെവ്‌കോയ്ക്കു ലഭിക്കുന്ന 20 ശതമാനം ലാഭം ബാറുകള്‍ക്കും പാര്‍ലറുകള്‍ക്കും ലഭിക്കും. എന്നാല്‍ ഇവിടെ ഇരുന്നുള്ള മദ്യപാനം അനുവദിക്കില്ല. ഇതോടൊപ്പം ഒരേ സമയം അഞ്ചു പേരെ മാത്രമേ മദ്യം വാങ്ങാന്‍ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കണം.