തൃശൂര്‍: കോഡ് ഉപയോഗിച്ച് സഞ്ചരിക്കുന്ന കാറില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്പന നടത്തിയ ആള് പടിയില്‍. പാലാട്ടി കുന്നേല്‍ വീട്ടില്‍ ജോര്‍ജിനെയാണ് (50) എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 35.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്. ജോര്‍ജിനെ അറസ്റ്റ് ചെയ്യുമ്പോള്‍ 500 എം.എല്ലിന്റെ വിവിധ ബ്രാന്‍ഡുകളിലുള്ള 59 കുപ്പികളും ഒരു ലിറ്ററിന്റെ ആറു കുപ്പികളും കണ്ടെടുത്തു. മദ്യം വിറ്റ വകയില്‍ കിട്ടിയ 6570 രൂപയും മദ്യം കൊണ്ടുവന്ന കെ.എല്‍-46-4089 നമ്പര്‍ ആള്‍ട്ടോ കാറും കസ്റ്റഡിയില്‍ എടുത്തു.
ജോര്‍ജ് ഉപയോഗിക്കുന്ന കോഡ് മനസ്സിലാക്കി ഇയാളുടെ ഫോണിലേക്ക് വിളിച്ചാണ് പ്രതിയെ കുടുക്കിയത്. മദ്യം ആവശ്യമുള്ളവര്‍ ‘ഹലോ ഇത് റോങ്ങ് നമ്പര്‍ ആണോ’ എന്ന് ജോര്‍ജിനെ വിളിച്ച് പറയുകയാണ് രീതി. തിരിച്ച് ‘നിങ്ങള്‍ റോങ് നമ്പറിലേക്കാണോ വിളിക്കുന്നത്’ എന്ന് ജോര്‍ജ് തിരിച്ച് ചോദിക്കും. ‘അതേ റോങ് നമ്പറിലേക്കാണ് വിളിക്കുന്നത്’ എന്ന് വാങ്ങിക്കുന്ന ആള് പറയും. തുടര്‍ന്ന് മദ്യം വേണ്ടയാള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് ചോദിച്ച് മനസ്സിലാക്കി അവിടേക്ക് കാറുമായി ചെല്ലുകയാണ് പതിവ്. പലര്‍ക്കും വീടുകളില്‍ കൊണ്ടുപോയി കൊടുത്തിരുന്നതായി ജോര്‍ജ് സമ്മതിച്ചു.
ഇത് മനസ്സിലാക്കിയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഈ രീതിയില്‍ ജോര്‍ജിന്റെ നമ്പറിലേക്ക് വിളിച്ച് കോഡ് പറഞ്ഞ് വിശ്വസിപ്പിച്ച് കുടുക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൃശൂര്‍ അസി. എക്സൈസ് കമീഷണര്‍ വി.എ. സലീമിന് ലഭിച്ച രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്. ഹരിനന്ദനെന്റ നിര്‍ദേശാനുസരണം പ്രിവന്റിവ് ഓഫിസര്‍ സി.യു. ഹരീഷിെന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ പ്രിവന്റിവ് ഓഫിസര്‍ കെ.എം. സജീവ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍മാരായ വി. ജെയിസന് ജോസ്, ടി.ആര്. സുനില്‍, പി.എ. വിനോജ്, സിവില്‍ എക്സൈസ് ഓഫിസര്‍ എ.ജി. ഷാജു എന്നിവര്‍ ഉണ്ടായിരുന്നു.