തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യകടകള്‍ അടുത്തയാഴ്ച തുറക്കും. വെര്‍ച്വല്‍ ക്യൂ സജ്ജമായാല്‍ മാത്രമായിരിക്കും മദ്യകടകള്‍ തുറക്കുക. ഈ മാസം പതിനെട്ടിനോ പത്തൊന്‍പതിനോ മദ്യകടകള്‍ തുറക്കാനാണ് സാധ്യത. അതേസമയം ക്ലബുകള്‍ തുറക്കില്ല.
ബിയര്‍, വൈന്‍, എന്നിവയ്ക്ക് പത്ത് ശതമാനവും മറ്റ് വിഭാഗങ്ങളില്‍ പെടുന്ന എല്ലാ മദ്യത്തിനും 35 ശതമാനം നികുതു വര്‍ധിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മദ്യത്തിന്റെ വിലയല്ല വര്‍ധിപ്പിച്ചത്. മദ്യത്തിന്റെ വില്‍പ്പന നികുതിയിലാണ് 35 ശതമാനം സെസ്സ് ചുമത്തിയിട്ടുള്ളത്. ഓരോ കുപ്പിയുടെയും വിലയുടെ പുറത്താണ് സെസ്സ് വരിക.
നിലവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനമാണ്. ബിയറിന്റെ നികുതി 102 ശതമാനം. ഇതിന്മേലാണ് പുതുതായി 35 ശതമാനം കോവിഡ് സെസ്സ് ചുമത്തുന്നത്. പുതുക്കിയ അധിക നികുതി മദ്യശാലകള്‍ തുറക്കുമ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു.
ഇതേത്തുടര്‍ന്ന് എത്ര വരുമാനം വര്‍ധിക്കും എന്നത് വില്‍പ്പനയെ ആശ്രയിച്ചിരിക്കും. എങ്കിലും ഒരു വര്‍ഷം കഴിഞ്ഞകാലത്തെപ്പോലെ വില്‍പ്പനയുണ്ടെങ്കില്‍ 2000 കോടി രൂപയെങ്കിലും അധിക വരുമാനം ഉണ്ടാകുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. അതേസമയം നിലവില്‍ വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനമാണ്. ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കമ്പിനികളില്‍നിന്ന് വാങ്ങുന്ന വിലയ്ക്കുമേല്‍ നികുതി, എക്‌സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്‌സൈസ് ഈടാക്കുന്നത്), ലാഭം, പ്രവര്‍ത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയശേഷമാണ് മദ്യം വില്‍പ്പനയ്‌ക്കെത്തുന്നത്. ഇതോടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് മേല്‍ കോവിഡ് സെസ്സ് ചുമത്താന്‍ തീരുമാനിച്ചതോടെ മദ്യവില കുത്തനെ കൂടും.