കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡ്സിട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ലിസ്റ്റിന്‍ സ്റ്റീഫന്‍. സിയാദ് കോക്കര്‍ മാറുന്ന ഒഴിവിലേക്കാണ് ലിസ്റ്റിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ലിസ്റ്റിന്‍. എതിരില്ലാതെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എവര്‍ഷൈന്‍ മണി ആണ് സെക്രട്ടറി. മുരളി മൂവീസ് ഉടമ വി പി മാധവന്‍ നായര്‍ ട്രെഷറര്‍. കഴിഞ്ഞ അഞ്ച് കാലയളവിലും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആയിരുന്നത് സിയാദ് കോക്കര്‍ ആയിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര നിര്‍മ്മാണ- വിതരണം രംഗത്തുള്ള ആളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാള സിനിമയുടെ പുതുകാലത്തേക്കുള്ള മാറ്റത്തിന് തുടക്കമിട്ട ട്രാഫിക് എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് 2011 ലാണ് അദ്ദേഹത്തിന്‍റെ നിര്‍മ്മാണക്കമ്പനിയായ മാജിക് ഫ്രെയിംഗ് രംഗത്തെത്തുന്നത്. ചാപ്പ കുരിശ്, ഉസ്താദ് ഹോട്ടല്‍, കെട്ട്യോളാണ് എന്‍റെ മാലാഖ, ഡ്രൈവിംഗ് ലൈസന്‍സ്, ജന ഗണ മന, കടുവ, കൂമന്‍, തുറമുഖം തുടങ്ങി ഇരുപതിലേറെ ചിത്രങ്ങള്‍ ലിസ്റ്റിന്‍റെ നിര്‍മ്മാണത്തില്‍ ഇതിനകം പുറത്തെത്തി. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും (ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്ന സെല്‍ഫിയുടെ നിര്‍മ്മാണ പങ്കാളി) ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഇതരഭാഷകളിലെ ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളുടെ കേരളത്തിലെ പ്രധാനപ്പെട്ട വിതരണക്കാരന്‍ കൂടിയാണ് ഇന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍. അജയന്‍റെ രണ്ടാം മോഷണം, ഗരുഡന്‍, താരം, പേരിടാത്ത ഹനീഫ് അദേനി ചിത്രം എന്നിവയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ നിര്‍മ്മാണത്തില്‍ പുറത്തെത്താനിരിക്കുന്ന സിനിമകള്‍.