ഡൽഹി: ജമ്മു കശ്മീരിൽ ലിഥിയം ഖനനം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ഖനനമന്ത്രി കിഷൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. 2023 ഫെബ്രുവരിയിൽ ആണ് രാജ്യത്ത് ആദ്യമായി ജമ്മു കശ്മീരിൽ ലിഥിയം ശേഖരം കണ്ടെത്തിയത് . ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു പര്യവേഷണം. ജമ്മുവിലെ റാസി മേഖലയിൽ മേഖലയിൽ 59 ലക്ഷം ടൺ ലിഫിയം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ലിഥിയം ഖനനത്തിന് കമ്പനികളെ ക്ഷണിക്കുന്നതിനുള്ള ആദ്യപടിയായി പ്രദേശത്ത് കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്. ഈ പരിശോധന പൂർത്തിയായാൽ ഉടൻ ഖനനത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മൊബൈൽ ഫോൺ മുതൽ ഇലക്ട്രിക് കാർ വരെയുള്ളവയുടെ ബാറ്ററി നിർമിക്കാനാണ് ലിഥിയം ഉപയോഗിക്കുന്നത്. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മൂലകമാണ് ലിഥിയം. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടതൽ ലിഥിയം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഖനനം ആരംഭിക്കുന്നതോടെ ഇറക്കുമതി കുറയ്‌ക്കാനാകുമെന്നാണ് കേന്ദ്രം ഇപ്പോൾ പ്രതീക്ഷിക്കുന്നത്,