ചാലക്കുടി: ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും കസ്റ്റഡിയിൽ വിട്ടു. നാലുദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. തൃശ്ശൂർ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയുടെതാണ് നടപടി. നാരായണ ദാസിനെയും ലിവിയയേയും നാളെ ഒന്നിച്ചിരുത്തി പ്രത്യേക സംഘം ചോദ്യം ചെയ്യും. മൊഴികളിലെ വൈരുദ്ധ്യത്തിൽ വ്യക്തത വരുത്താനാണ് നീക്കം. നാരായണദാസിനെ കസ്റ്റഡിയില്‍ വിടേണ്ടെന്ന തൃശൂര്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍പ്പെടുത്തിയ ഗൂഡാലോചനക്കേസിലെ അന്വേഷണം മുന്നോട്ടുപോകാന്‍ രണ്ട് പ്രതികളെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും തൃശൂര്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ പിഴവുകളുണ്ടെന്നുമുള്ള പോലീസ് വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. ക്രിമിനല്‍ നടപടിക്രമം അനുശാസിക്കുന്ന 60 ദിവസത്തെ സമയ പരിധി പൂര്‍ത്തിയായതിനാല്‍ പോലീസ് കസ്റ്റഡി അനുവദിക്കാനാവില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ വിധി. ഇക്കാര്യം അന്വേഷണ ഘട്ടത്തിലുള്ള കേസില്‍ കര്‍ശനമായി പാലിക്കാനാവില്ലെന്ന പോലീസിന്‍റെ വാദവും കോടതി അംഗീകരിച്ചിരുന്നു.