കിളിമാനൂർ: അക്ഷയശ്രീ സ്വയംസഹായ സംഘം രൂപവത്കരിച്ച് ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ നേതൃത്വത്തിൽ വീട്ടമ്മമാരെ ഉൾപ്പെടുത്തി ബി.ജെ.പി നിയന്ത്രിത സഹകരണബാങ്കിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ബി.ജെ.പി പ്രവർത്തകനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പറമ്പ്, നന്ദായ്വനം ചരുവിളവീട്ടിൽ അശോകനാണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതിയാണിയാൾ. ഒന്നാം പ്രതിയും ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ മുൻ പ്രസിഡന്റുമായ ശിവശങ്കരക്കുറുപ്പ്, മൂന്നാം പ്രതി ശ്രീഗോകുലം ട്രസ്റ്റ് സെക്രട്ടറി അപ്സര എന്നിവർ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.
2020 ആഗസ്റ്റിലാണ് ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. ഇവരുടെ നേതൃത്വത്തിൽ നഗരൂർ, കരവാരം പഞ്ചായത്തുകളിലെ വിവിധ സ്ത്രീകളെ ഉൾപ്പെടുത്തി ‘ശ്രീഗോകുലം ട്രസ്റ്റ്’എന്ന പേരിൽ ഒരു കടലാസ് ട്രസ്റ്റ് രൂപവത്കരിക്കുകയും, ഇതിന്‍റെ മറവിൽ ട്രസ്റ്റ് പ്രസിഡന്റു കൂടിയായ കേസിലെ ഒന്നാം പ്രതി, താൻ പ്രസിഡന്റായിരിക്കുന്ന ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയിൽനിന്ന് അക്ഷയശ്രീയിൽ അംഗമായ സ്ത്രീകളുടെ പരസ്പര ജാമ്യത്തിൽ 22.5 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.