മുംബൈ : വായ്പത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഐ.സി.ഐ.സി.ഐ. ബാങ്ക് മുന്‍ മാനേജിങ് ഡയറക്ടറും എക്‌സിക്യുട്ടീവ് ഓഫീസറുമായ ചന്ദാകൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും സി.ബി.ഐ. അറസ്റ്റു ചെയ്തതിനെ ബോംബെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. സി.ബി.ഐ. നടപടി അധികാരദുര്‍വിനിയോഗമല്ലാതെ മറ്റൊന്നുമല്ലെന്ന് ജസ്റ്റിസുമാരായ അനുജപ്രഭു ദേശായിയും എന്‍.ആര്‍. ബോര്‍ക്കറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.
അന്വേഷണ ഏജന്‍സി മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലോ മനസ്സിരുത്തിയോ അല്ല ഇവരുടെ അറസ്റ്റ് നടപടികളിലേക്ക് കടന്നതെന്ന് കോടതി വിമര്‍ശിച്ചു.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുവദിച്ച ഇടക്കാലജാമ്യം സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വിമര്‍ശനം. ഇരുവര്‍ക്കും അനുവദിച്ച ഇടക്കാലജാമ്യം ഹൈക്കോടതി സ്ഥിരപ്പെടുത്തി.
കൊച്ചാര്‍ ദമ്പതിമാര്‍ അന്വേഷണത്തോട് സഹകരിക്കാത്തതിനാലാണ് അറസ്റ്റുചെയ്തതെന്ന സി.ബി.ഐ.വാദം കോടതി അംഗീകരിച്ചില്ല. ചോദ്യംചെയ്യുമ്പോള്‍ മിണ്ടാതിരിക്കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ 20(3) അനുച്ഛേദം നിശ്ശബ്ദതയ്ക്കുള്ള അവകാശം പ്രതികള്‍ക്കും ഉറപ്പുവരുത്തുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.