കൊച്ചി: കുടുംബശ്രീ സംഘത്തിന്റെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ്. ഇല്ലാത്ത കുടുംബശ്രീ യൂണിറ്റിന്റെ പേരിലാണ് കോടികളുടെ വായ്പാ തട്ടിപ്പ് നടന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ സംഘമാണ് തട്ടിപ്പു നടത്തിയത്. നിലവില്‍ ഒരു കോടിയുടെ വായ്പാ തട്ടിപ്പാണ് പോലീസിന്റെ മുന്നിലുള്ളത്. കൊച്ചി കോര്‍പറേഷന്റെ രണ്ടു ഡിവിഷനുകളില്‍മാത്രം ഒരു കോടിയിലേറെ രൂപയുടെ ഏഴു തട്ടിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൗണ്‍സിലറുടെയും എ.ഡി.എസിന്റെയും വ്യാജ ഒപ്പും സീലും ഉണ്ടാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബാങ്കുകള്‍ കുടുംബശ്രീയ്ക്ക് പല കാര്യങ്ങളില്‍ നല്‍കുന്ന വായ്പകള്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇല്ലാത്ത കുടുംബശ്രീ ചമച്ചത്. ഈ കുടുംബശ്രീയുടെ പേരില്‍ പേരും ഒപ്പുകളുമെല്ലാം വ്യാജമായി ചമയ്ക്കുകയും ചെയ്തു. വ്യാജരേഖകള്‍ ചമച്ചാണ് ബാങ്കില്‍ നിന്നും ലോണ്‍ തേടിയത്. ബാങ്കില്‍ നിന്നും വ്യക്തികളില്‍ നിന്നുമെല്ലാം കുടുംബശ്രീ വായ്പാ തട്ടിപ്പിന്റെ പേരില്‍ പരാതികള്‍ വന്നു. അതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.





























