ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സര്‍ക്കാരിന്റെ അന്ത്യം കുറിയ്ക്കുന്ന തെരഞ്ഞെടുപ്പാവും ഇതെന്നും ഭരണമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവനുള്ളത്. ആ പ്രതീക്ഷ ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വമ്പിച്ച വിജയപ്രതീക്ഷയുണ്ട്. കേരളമൊട്ടാകെ ഈ അഴിമതി സര്‍ക്കാരിനെതിരായി വിധിയെഴുതാന്‍ പോകുന്ന സന്ദര്‍ഭമാണ്. മാത്രമല്ല, ബിജെപിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കേരള ജനത കൊടുക്കില്ല എന്നുകൂടി തെളിയിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനങ്ങള്‍ അതിശക്തമായ വികാരം പ്രകടിപ്പിക്കാന്‍ പോകുന്ന ഒരു കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കന്നത്. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവന്‍ ഉള്ളത്. ആ പ്രതീക്ഷ ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. യുഡിഎഫ് വന്‍ വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു ഭരണമാറ്റത്തിനാണ് ഈ തെരഞ്ഞെടുപ്പ് തുടക്കം കുറിക്കുക. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതിരുന്നത് പരാജയം ഉറപ്പിച്ചതുകൊണ്ടാണ്.”- ചെന്നിത്തല പറഞ്ഞു.
“കേരളത്തില്‍ അഴിമതിയുടെ ചുരുളുകള്‍ ഓരോന്നായി അഴിയുകയാണ്. ഉന്നതന്‍ ആരാണ് എന്ന ചോദ്യം ഞാന്‍ വീണ്ടും ഉന്നയിക്കുന്നു. ഭരണഘടനാ സ്ഥാനം വഹിക്കുന്ന ഒരു വ്യക്തിയാണെന്നാണ് പറഞ്ഞത്. ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, മുഖ്യമന്ത്രി വ്യക്തമാക്കണം. ആരാണ് ഈ ഉന്നതന്‍? ഈ സര്‍ക്കാരിന്റെ അന്ത്യം കുറിയ്ക്കുന്ന ഒരു തെരഞ്ഞെടുപ്പാവും ഇതെന്നതില്‍ സംശയമില്ല.”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.