കോട്ടയം : ആവേശകരമായ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ പോളിങ് 70 ശതമാനം പിന്നിട്ടു. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണാന്‍ കഴിയുന്നത്. പോളിങ് കൂടുന്നതിന്റെ ആവേശത്തില്‍ മുന്നണികള്‍. അഞ്ചു ജില്ലകളിലുമായി ഇതുവരെ 70.76% പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോട്ടയം – 69.17, എറണാകുളം- 70.96, തൃശൂര്‍ – 69.73, പാലക്കാട്- 71.96, വയനാട് – 73.98 എന്നിങ്ങനെയാണു ജില്ലകളിലെ പോളിങ് നിരക്ക്. കൊച്ചി കോര്‍പ്പറേഷനില്‍ 54.75, തൃശൂര്‍ കോര്‍പറേഷനില്‍ 58.02 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പാണു പുരോഗമിക്കുന്നത്. യുഡിഎഫിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടെന്നും വടക്കന്‍ ജില്ലകളില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായിരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.
ചരിത്ര വിജയം നേടുമെന്നും യുഡിഎഫും ബിജെപിയും ഒലിച്ചു പോകുമെന്നും മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവകാശപ്പെട്ടു. വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നു കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി എംപി പ്രതികരിച്ചു.
മന്ത്രി എ സി മൊയ്തീന് വടക്കാഞ്ചേരി കല്ലംപാറ ബൂത്തില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് അഞ്ചു മിനിറ്റ് മുന്‍പ് വോട്ടുചെയ്യാന്‍ ഉദ്യോഗസ്ഥര്‍ സൗകര്യം ചെയ്തു നല്‍കിയെന്നാരോപിച്ചു കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പരാതി നല്‍കി.