കൊച്ചി : ഒച്ചയും ബഹളവും ആര്‍പ്പു വിളികളും ഇല്ലാതെ ആദ്യഘട്ട പരസ്യപ്രചരണം അവസാനിച്ചു. തദ്ദേശതിര ഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാര ണത്തിന് സമാപനം. കോവിഡ് ജാഗ്രതയില്‍ മുന്നണികള്‍ കലാശക്കൊട്ട് ഒഴിവാക്കിയെങ്കിലും ആവേശം ചോരാതെയായിരുന്നു പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയത്. അഞ്ചുജില്ലകളിലും നേതാക്കളും സ്ഥാനാര്‍ഥികളും വാഹനജാഥകള്‍ നടത്തി പ്രചാരണം കൊഴുപ്പിച്ചു. നാളെ നിശബ്ദപ്രചാരണത്തിന്റെ ദിവസം. മറ്റന്നാള്‍ തെക്കന്‍കേരളത്തിലെ അഞ്ചുജില്ലകള്‍ പോളിങ് ബൂത്തിലെത്തും.
കോവിഡ് ജാഗ്രതയിലും മഴയിലും ചോര്‍ന്നില്ല തിരഞ്ഞെടുപ്പ് ആവേശം. തിരുവനന്തപുരത്തെ പേരൂര്‍ക്കട, കൊല്ലം ചിന്നക്കട തുടങ്ങി കലാശക്കൊട്ടിന്റെ പരമ്പരാഗത കേന്ദ്രങ്ങളെല്ലാം ഒഴിഞ്ഞുകിടന്നു. പക്ഷേ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ വഴി കണ്ടെത്തി. വികേന്ദ്രീകൃതമായ പ്രചാരണം. നഗരങ്ങളില്‍ നേതാക്കളുടെയും താരങ്ങളുടെയും റോഡ് ഷോ. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന ബൈക്ക് റാലി. തുറന്ന ജീപ്പിലും ബൈക്കിലുമൊക്കെയായി നേതാക്കളും സ്ഥാനാര്‍ഥികളും അണികള്‍ക്ക് ആവേശം പകര്‍ന്നു. കൂട്ടംകൂടിയുള്ള കലാശക്കൊട്ട് ഇല്ലെങ്കിലും കെട്ടുകാഴ്ചകളും രൂപങ്ങളുമൊക്കെ റാലികളില്‍ അണിനിരന്നു.
ഗ്രാമീണവഴികളിലൂടെ സ്ഥാനാര്‍ഥികളും പ്രാദേശിക നേതാക്കളും. സ്ഥാനാര്‍ഥികള്‍ അവസാനദിവസവും വീടുകള്‍ കയറിയിറങ്ങി. ഒരു വ്യത്യാസം മാത്രം, കൂട്ടത്തില്‍ വാദ്യമേളങ്ങളുമായി അണികളുടെ സംഘവുമുണ്ടായിരുന്നു. കൃത്യം ആറുമണിക്കുതന്നെ എല്ലാവരും പരസ്യപ്രചാരണം അവസാനിപ്പിച്ചു. ഇനി അടിയൊഴുക്കുകളുടെയും തന്ത്രങ്ങളുടെയും ഒരു നിര്‍ണായകദിനം. ആടിനില്‍ക്കുന്ന വോട്ടുകള്‍ കൈക്കലാക്കാനും ഉറച്ച വോട്ടുകള്‍ ഒന്നുകൂടി ഉറപ്പിനിര്‍ത്താനുമുള്ള നെട്ടോട്ടമാണിനി സാരഥികളും അനുയായികളും ചെയ്യുന്നത്. ഒരുദിവസം കൂടി പിന്നിട്ടാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളില്‍ പോളിങ് നടക്കും.