റാന്നി: തദ്ദേശ തെരഞ്ഞെടുപ്പില്‍ റാന്നി പഴവങ്ങാടിയില്‍ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുകയാണ്. ഇത്തവണ വ്യക്തമായ ഭൂരിപക്ഷവുമായി ഭരണത്തിലെത്താന്‍ സാധിക്കുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം. എന്നാൽ കഴിഞ്ഞ തവണത്തേതിലും മെച്ചപ്പെട്ട വിജയം പ്രതീക്ഷിച്ചാണ് എൽഡിഎഫ് രംഗത്തുള്ളത്. രാഷ്ട്രീയപ്പോരിൽ ഇടയ്ക്ക് അനിശ്ചിതത്വത്തിലായ ഭരണ സംവിധാനത്തിനു പകരം സുസ്ഥിരമായ ഭരണസമിതിയാണ് മുന്നണികൾ മുന്നോട്ടുവവെയ്ക്കുന്നത്.
പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. മുൻ അംഗങ്ങളുൾപ്പെടെ ഇരുമുന്നണികളിലുംപെട്ടവര് മത്സര രംഗത്തുണ്ട്. കോണ്‍ഗ്രസിലെ മുൻ പ്രസിഡന്റ് അനിത അനിൽ കുമാർ ജനറൽ സീറ്റായ പത്താംവാർഡിലാണ് മത്സരിക്കുന്നത്. മുൻ പ്രസിഡന്റ് തോമസ് ഫിലിപ്പും മത്സരരംഗത്തുണ്ട്. സിറ്റിംഗ് മെമ്പർമാരിൽ ഷൈനി ഫിലിപ്പ്, ബിനിറ്റ് മാത്യു, അനി സുരേഷ് എന്നിവരും എൽഡിഎഫ് നിരയിൽ മത്സരിക്കാനുണ്ട്.
സംസ്ഥാനത്തു രണ്ടാംഘട്ട കോവിഡ് വ്യാപനത്തിലൂടെ ശ്രദ്ധേയമായ ഐത്തല വാർഡിൽ മുൻ മെമ്പർ ബോബി ഏബ്രഹാമിന്റെ ഭാര്യ ബ്രില്ലി ബോബി ഏബ്രഹാം സ്വതന്ത്രയായി മത്സരരംഗത്തുണ്ട്. ബിജെപി സ്ഥാനാർഥികൾ സ്വന്തം ചിഹ്നത്തിലും സ്വതന്ത്രരായും പല വാർഡുകളിലും ശക്തമായ പോരാട്ടത്തിലാണ്. അതിനാല്‍ വാശിയേറിയ പോരാട്ടമായിരിക്കും റാന്നി പഴവങ്ങാടിയില്‍ ഉണ്ടാവുക.