അടൂര്‍ : ചാരായം വാറ്റിക്കൊണ്ടിരിക്കേ രണ്ടു പേരെ പോലീസ് പിടികൂടി. പെരിങ്ങനാട് വെട്ടിക്കോട് വിള നാരായണന്‍(67), പെരുമ്പാങ്കുഴി കിഴക്കേക്കര അലക്‌സ് (45) എന്നിവരെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ സുനുകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ രാത്രി 11 മണിയോടെ പെരിങ്ങനാട്ടുള്ള റബര്‍ തോട്ടത്തിന് നടുവിലാണ് വാറ്റിക്കൊണ്ടിരുന്നത്. രണ്ടു ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ കോടയും നിര്‍മാണ സാമഗ്രികളും ഇവരില്‍ നിന്ന് കണ്ടെടുത്തു.
ഒരു കുപ്പി വാറ്റു ചാരായം 2000 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്. ലോക്ഡൗണ്‍ പ്രമാണിച്ച് ബാറും ബിവറേജസും തുറക്കാതായതോടെ ചാരായത്തിന് ആവശ്യക്കാര്‍ ഏറിയിരുന്നു. ദിവസവും വാറ്റി വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്തിരുന്നത്. നാരായണന്‍ ചാരായം വാറ്റാന്‍ നിയോഗിച്ച തൊഴിലാളിയാണ് അലക്‌സ്. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി പ്രദീപ് കുമാറിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു പരിശോധന. എസ്.ഐ മാരായ നിത്യ, വില്‍സണ്‍, എ.എസ.ഐ അജികുമാര്‍, സി.പി.ഓമാരായ മിഥുന്‍, ബിനു, സുജിത്, അഖില്‍, ശ്രീരാജ്, രാജേഷ് , സോളമന്‍ ഡേവിഡ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.