റാന്നി : ഇട്ടിയപ്പാറ വലിയ പറമ്പുപടിയിൽ സംസ്ഥാന പാതയുടെ ഓട നിർമ്മാണത്തിനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ വീണ്ടും തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി വെച്ചിരുന്ന ഓടയുടെ നിർമ്മാണം വീണ്ടും നടത്താന്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ചെത്തി തടഞ്ഞത്. റാന്നി ഇട്ടിയപ്പാറ വലിയപറമ്പു പടിയിൽ സൈലൻ്റ് വാലി റോഡ് സംരക്ഷണസമതിയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വലിയപറമ്പുപടിയില്‍ സംസ്ഥാന പാതയുടെ നവീകരണ പ്രർത്തികളുടെ ഭാഗമായി നിര്‍മ്മിച്ച കലുങ്കില്‍ നിന്നും വസ്തുവിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിനെതിരെ ഉടമ കോടതിയെ സമീപിച്ചിരുന്നു. കോടതി സൈലന്‍റുവാലി റോഡിലൂടെ സമീപത്തെ തോട്ടിലേക്ക് ഓട നിർമ്മിച്ച് വെള്ളം ഒഴുക്കിവിടാന്‍ ഉത്തരവിട്ടിരുന്നു. ഇതിനായി മണ്ണുമാന്തിയന്ത്രവുമായി എത്തിയ കെ.എസ്.റ്റി.പി.ഉദ്യോഗസ്ഥരടക്കമുള്ള സംഘത്തെയാണ് പ്രതിഷേധക്കാരായ നാട്ടുകാർ തടഞ്ഞത്.
റാന്നി പോലീസ് സ്ഥലത്ത് എത്തിയതോടെ പ്രദേശവാസികളായ പ്രതിഷേധക്കാർ പ്ലേകാർഡുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പഞ്ചായത്ത് അശാസ്ത്രീയ നിർമ്മാണത്തിന് അനുമതി നല്കിയതാണ് ഇത്തരത്തിൽ നിർമ്മാണത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ വാദം. പ്രതിഷേധക്കാരെ പോലീസ് ചർച്ചക്കായി സ്റ്റേഷനിലേക്ക് വിളിച്ച സമയം നോക്കി പോലീസിൻ്റെ സാന്നിധ്യത്തിൽ വീണ്ടും പണിതുടങ്ങുവാൻ ശ്രമം ഉണ്ടായി. ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് മണ്ണുമാന്തിയന്ത്രം എത്തിച്ചതോടെ വിവരം അറിഞ്ഞ പ്രതിഷേധക്കാർ വീണ്ടും ഓടിക്കൂടി സമരം കടുപ്പിച്ചു. പിന്നീട് പോലീസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തല്ക്കാലം നിർമ്മാണം അവസാനിപ്പിച്ച് കെ.എസ്.റ്റി.പി.യും പോലീസ് ഉദ്യോഗസ്ഥരും പിൻമാറുകയായിരുന്നു. ഓട നിർമ്മാണം നാട്ടുകാർക്ക് ബുദ്ധിമുട്ട് നേരിടുന്നതരത്തിലാകാതെ തല്കാലം പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നത് വരെ നിർമ്മാണം നിർത്തിവെക്കുന്നതായി റാന്നി പോലീസ് എച്ച്.എസ്.ഒ ജിബു ജോൺ പറഞ്ഞു.
സൈലൻ്റ് വാലി റോഡ് സംരക്ഷണ സമതി കൺവീനർ വി.പി ഫിലിപ്പ്, ചിന്നു തങ്കച്ചൻ, ഷാബു അയത്തിൽ, സാറാമ്മ വർഗീസ്, സൂസൻ മാത്യു എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി.