മല്ലപ്പള്ളി : അവധിദിനത്തിൽ മഴസമയത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ നടത്തിയ റോഡുപണി നാട്ടുകാർ തടഞ്ഞു. ആനിക്കാട് ഗ്രാമപ്പഞ്ചായത്തിലെ കൊച്ചുപറമ്പ്-തവളപ്പാറ, കൊച്ചുപറമ്പ്-മാരിക്കൽ-ആശുപത്രിപടി, കൊച്ചുപറമ്പ്- കരിയമ്മാനപടി പി.ഡബ്ല്യു.ഡി. റോഡുകളുടെ പ്രവൃത്തിയാണ് നാട്ടുകാർ ഇടപെട്ട് നിർത്തിവെപ്പിച്ചത്. കുഴിയടയ്ക്കാൻ ടാർ ഒട്ടും ഉപയോഗിക്കാതെ മെറ്റലും പാറപ്പൊടിയും വാരി നിറച്ചതായും പരാതിയുണ്ട്. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻറ് സൂസൻ ഡാനിയേൽ, മെമ്പർമാരായ തോമസ് മാത്യു, മോളിക്കുട്ടി സിബി, മാത്യൂസ് കല്ലുപുര, സമീപവാസികളായ എം.കെ.ബിനു, അനീഷ് കുമാർ എന്നിവർ സ്ഥലത്തെത്തി. വിവരം തിരുവല്ലയിലെ പി.ഡബ്ല്യു.ഡി. സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറെ ഫോണിൽ അറിയിച്ചപ്പോൾ നിഷേധാത്മക മറുപടിയാണ് ലഭിച്ചതെന്നും അതിനാൽ ജോലികൾ നിർത്തിവെക്കാൻ നിർദേശം നൽകിയതായും ഇവർ പറയുന്നു.
പിന്നീട് വന്ന അസിസ്റ്റന്റ് എൻജിനീയർ റോഡ് പരിശോധിക്കുകയും കുഴികളിൽ ടാർ ഉപയോഗിക്കാതെ മെറ്റൽ മിശ്രിതം നിറച്ചത് കണ്ടെത്തുകയുംചെയ്തു. കരാറുകാരൻ സ്വന്തം നിലയ്ക്ക് ചെയ്ത അനധികൃത നിർമാണം നീക്കംചെയ്യാമെന്നും മഴ കഴിഞ്ഞശേഷം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ടാർ ഉപയോഗിച്ച് കുഴികൾ അടയ്ക്കാമെന്നും വിശദമായ എസ്റ്റിമേറ്റ് ജനപ്രതിനിധികൾക്ക് നൽകാമെന്നും എൻജിനീയർ എഴുതിനൽകി.
മെയിൻറനൻസ് വിഭാഗം അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ നടന്ന മുഴുവൻ വർക്കുകളും അടിയന്തരമായി വിജിലൻസ് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് പ്രസിഡൻറും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.