തിരുവനന്തപുരം : കൊവിഡ് ബാധിത ജില്ലകൾ അടച്ചിടണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം സംസ്ഥാന സർക്കാർ ഇന്ന് ചർച്ച ചെയ്യും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെങ്കിലും കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ കടുത്ത നടപടി വേണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. അതേസമയം അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.
രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ച എല്ലാ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ നൽകിയ നിർദ്ദേശം. എന്നാൽ കാസർഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിൽ കർശന നടപടികളിലേക്ക് സർക്കാർ ഇതുവരെ പോയിട്ടില്ല. മറ്റ് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമാക്കാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയാലും അവശ്യസാധനങ്ങൾക്കും സർവീസുകൾക്കും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് സർക്കാർ നൽകുന്ന ഉറപ്പ്. അവശ്യ സാധനങ്ങൾ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം നൽകി. അവശ്യ സാധനങ്ങൾ കിട്ടുന്ന കടകൾ തുറന്നു പ്രവർത്തിക്കണം നിത്യോപയോഗ സാധനങ്ങളും ഉറപ്പാക്കും.
അത്തരം കടകൾക്കു നിയന്ത്രണമില്ലെന്നും മുഖ്യമന്തിയുടെ ഓഫീസ് അറിയിച്ചു. സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമ നടപടി കർശനമായി നടപ്പാക്കാനാണ് സർക്കാർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.