തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ലോക്ഡൗണ്‍ സഹായകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.6 ശതമാനമാണ്. ഇന്ന് അത് 20.41 ആയി. അതേസമയം ആശുപത്രികളിലെ തിരക്ക് കുറയുന്നതിനും മരണസംഖ്യ കുറയുന്നതിനായും രണ്ടുമൂന്ന് ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം പത്തു ദിവസം മുന്‍പ് 4.5 ലക്ഷത്തിന് അടുത്തായിരുന്നു. ഞായറാഴ്ചത്തെ കണക്കനുസരിച്ച് അത് 2,77,598 ആയി കുറഞ്ഞു. ഇന്ന് 2,59,179 ആയി. അതേസമയം പത്തു ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് രോഗികളില്‍ 91 ശതമാനം ആളുകള്‍ വീടുകളിലും ഒന്‍പത് ശതമാനം ആളുകള്‍ ആശുപത്രിയികളിലുമായിരുന്നു ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ എണ്ണം 14 ശതമാനമായി ഉയര്‍ന്നു. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ക്ക് അനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.