മംഗളൂരു: ലോക്ഡൗണ്‍ നീട്ടിയതിനെത്തുടര്‍ന്ന് നാട്ടിലെത്താന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ ഉഡുപ്പി സ്വദേശിയായ പൂജാരി മുംബൈയിലെ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ചു. ഉഡുപ്പി ടൗണിലെ കൃഷ്ണപൂജാരിയാണ് (35) ബുധനാഴ്ച വൈകീട്ട് സഞ്ജയ് നഗറിലെ ഇറാനിവാഡി ദൂര്ഗമഠ അമ്പലത്തിലെ അടുക്കളയില്‍ തൂങ്ങിമരിച്ചത്. ഉഡുപ്പി സ്വദേശിയായ രണ്ടുപേരുള്‍പ്പെടെ നാലുപേരാണ് ക്ഷേത്രത്തില്‍ മാറിമാറി പൂജ നടത്തിയിരുന്നത്. ഇവരിലൊരാള്‍ ലോക് ഡൗണിന് മുമ്പുതന്നെ ഉഡുപ്പിയിലെത്തിയിരുന്നു. എന്നാല്‍ കൃഷ്ണപൂജാരിക്ക് എത്താനായില്ല. ഇതിന്റെ വിഷമം ഇയാള്‍ ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും പറഞ്ഞിരുന്നു.
ഏപ്രില്‍ 14ന് ലോക്ഡൗണ്‍ പൂര്‍ത്തിയായാല്‍ നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു കൃഷ്ണ പൂജാരി. എന്നാല്‍ ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയതോടെ മാനസിക സമ്മര്‍ദത്തിലായ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് അമ്പലത്തില്‍ പൂജക്കെത്തിയ മറ്റു പൂജാരിമാരാണ് കൃഷ്ണപൂജാരിയെ അമ്പലത്തിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാന്ദീവലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.