കല്‍പ്പറ്റ: വെളളിയാഴ്ച മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴിയെത്തുന്ന 1000 പേര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
നിലവില്‍ 400 പേരെ കടത്തിവിടാനുള്ള അനുമതിയാണുള്ളത്. ഇതാണ് 1000 മായി ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി മുത്തങ്ങ കലൂര്‍ 67 ല്‍ ഒരുക്കിയ മിനി ആരോഗ്യ കേന്ദ്രത്തില്‍ അധിക സംവിധാനമൊരുക്കും. പരിശോധനാ കൗണ്ടറുകളുടെ എണ്ണം നാലില്‍ നിന്ന് പത്തായി വര്‍ധിപ്പിക്കും. ഇവിടങ്ങളില്‍ അധിക ജീവനക്കാരെയും നിയോഗിക്കും. ഗര്‍ഭിണികള്‍, രോഗ ചികിത്സക്കായി വരുന്നവര്‍, മൃതശരീരവുമായി എത്തുന്നവര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കേണ്ടി വരില്ലെന്നും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളള അറിയിച്ചു.
വയനാട് ജില്ലയില്‍ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി മാത്രമാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് പ്രവേശനമുളളത്. ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലം കോവിഡ് മുക്തമായ വയനാട്ടില്‍ വീണ്ടും രോഗമെത്തിയത് തമിഴ്നാട്ടിലെ കോയമ്പേട് പച്ചക്കറി ചന്തയില്‍ പോയി വന്നവരിലൂടെയാണ്.