തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അടുപ്പിച്ച് മൂന്ന് ദിവസമായി 20 ശതമാനത്തിന് താഴെയായി തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനത്തിന്റെ തോത് കൂടിനിന്ന മലപ്പുറം ജില്ലയിലെയും ടിപിആര്‍ കുറഞ്ഞ സാഹചര്യത്തില്‍ ജില്ലയില്‍ നിലനില്‍ക്കുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് രോഗപ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 1, 3, 5, 8 തീയതികള്‍ അവധി അയിരിക്കും. ആഴ്ചയില്‍ മൂന്ന് ദിവസം തുണിക്കടകള്‍, ചെരുപ്പുകടകള്‍, പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവകള്‍ക്ക് തുറക്കാം. കള്ളുഷാപ്പുകളില്‍ പാഴ്സല്‍ നല്‍കാം. പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് തുറക്കാന്‍ അനുവദിച്ചിരിക്കുന്നത്. തുണി, ചെരുപ്പുകടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം. സംസ്ഥാനത്ത് മെയ് 31 മുതല്‍ ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.