കൊല്‍ക്കത്ത : ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് വാഹനം നിര്‍ത്തിച്ചതിന്റെ ദേഷ്യത്തില്‍ പൊലീസുകാരനെ നക്കുകയും ഉടുപ്പില്‍ തുപ്പല്‍ തേക്കുകയും ചെയ്ത് യുവതി. കൊല്‍ക്കത്തയിലെ സാല്‍ട്ട് ലേക്കിലാണ് സംഭവം. കാര്‍ ഡ്രൈവറോട് വിവരങ്ങള്‍ ചോദിക്കവെ കാറില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പോലീസുകാരുമായി തര്‍ക്കിക്കാന്‍ തുടങ്ങി.
ഇതിനിടയില്‍ ദേഷ്യം മൂത്ത് പോലീസുകാരിലൊരാളെ നക്കുകയും ഉടുപ്പില്‍ തുപ്പല്‍ തേക്കുകയുമായിരുന്നു. തുപ്പല്‍ തേച്ച ശേഷം ഇനി നിങ്ങള്‍ക്കും അസുഖം പിടിക്കുമെന്ന് പെണ്‍കുട്ടി ആക്രോശിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്. താന്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. ഒറ്റയ്ക്ക് തന്നെ കാര്യങ്ങള്‍ നോക്കണം. അന്ന് പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് പോലീസ് തടഞ്ഞതെന്നാണ് യുവതിയുടെ ആരോപണം. അതേസമയം ലോക്ക് ഡൗണിന്റെ ഭാഗമായുള്ള സാധാരണ നടപടിക്രമത്തിനായാണ് യുവതിയോട് ചോദ്യങ്ങള്‍ ചോദിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.