തിരുവനന്തപുരം : നിയന്ത്രണങ്ങള്‍ നീങ്ങിയാലും ട്രെയിന്‍ സര്‍വിസുകള്‍ നേരെയാകാന്‍ ദിവസങ്ങളെടുക്കുമെന്ന് റെയില്‍വേ. അപ്രതീക്ഷിതമായാണ് സര്‍വിസ് നിര്‍ത്താന്‍ തീരുമാനിച്ചത്. യാത്ര തുടങ്ങിയ ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്തേക്ക് ഓടിയെത്താമെന്നതു മാത്രമായിരുന്നു ഇളവ്. അതേസമയം തിരുവനന്തപുരം ഡിവിഷന്റെയടക്കം പല ദീര്‍ഘദൂര ട്രെയിനുകളും ഡല്‍ഹിയിലും മറ്റ് ഡിവിഷനുകളിലുമാണ്. കേരള എക്സ് പ്രസിന്റെ രണ്ട് റേക്കുകള്‍ തിരുവനന്തപുരത്തുണ്ട്. ഒന്ന് മടങ്ങിയെത്തിയതും മറ്റേത് ഡല്‍ഹിയിലേക്ക് മടങ്ങേണ്ടിയിരുന്നതും. നിയന്ത്രണം നീങ്ങിയാലും ഡല്‍ഹിയിലേക്കുള്ളത് അവിടെയെത്തിയ ശേഷമേ ‘ന്യൂഡല്‍ഹി-തിരുവനന്തപുരം’ സര്‍വിസ് ആരംഭിക്കാനാവൂ.
ജീവനക്കാര്‍ പലയിടങ്ങളിലാണെന്നതാണ് മറ്റൊന്ന്. സര്‍വിസ് നിര്‍ത്തിയതിനു പിന്നാലെ ജീവനക്കാര്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ തങ്ങണമെന്നായിരുന്നു റെയില്‍വേ നിര്‍ദേശം. ഇത് പ്രായോഗികമായില്ലെന്ന് മാത്രമല്ല, ലോക് ഡൗണിനെ തുടര്‍ന്ന് പലയിടങ്ങളിലായി ചിതറി. ഇവരെ ക്രമപ്പെടുത്താന്‍ തന്നെ ദിവസങ്ങള്‍ വേണം. ഇത്രയധികം ദിവസം യാത്രാ ട്രെയിന്‍ ശൃംഖലയൊന്നാകെ നിശ്ചലമായ സാഹചര്യത്തില്‍ വിശേഷിച്ചും.
നിയന്ത്രണങ്ങള്‍ നീങ്ങിയാല്‍ ഏതൊക്കെ റൂട്ടുകളില്‍ സര്‍വിസിനു കഴിയുമെന്ന് ഡിവിഷനുകളോട് റെയില്‍വേ കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. തിരുവനന്തപുരം ഡിവിഷനു കീഴിലെ എല്ലാ റൂട്ടും സര്‍വിസ് യോഗ്യമാക്കുന്നതില്‍ പ്രയാസമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 14ന് ശേഷം സര്‍വിസ് ആരംഭിക്കുന്നതില്‍ തീരുമാനമായില്ലെന്ന് റെയില്‍വേ ആവര്‍ത്തിക്കുമ്പോഴും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടരുന്നുണ്ട്. ബുക്കിങ്ങില്‍ വലിയ കുത്തൊഴുക്കില്ലെങ്കിലും സാധാരണ നിലയിലുള്ള റിസര്‍വേഷന്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലുണ്ട്.
ദീര്‍ഘദൂര സര്‍വിസ് ആദ്യഘട്ടത്തില്‍ ഉണ്ടാകില്ലെന്നും ഡിവിഷന് പരിധിയില്‍ പരിമിതപ്പെടുമെന്നുമാണ് വിവരം. പകല്‍ ഒറ്റ ഷിഫ്റ്റില്‍ ജീവനക്കാരെ പരിമിതപ്പെടുത്തിയുള്ള ചരക്കുനീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ തന്നെ നിര്‍മാണ സാമഗ്രികളുടെ നീക്കം നിലച്ചിട്ടുണ്ട്.