പത്തനംതിട്ട : ജില്ലയില്‍ ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചവര്‍ക്കെതിരെ പുതുതായി 333 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 345 ആളുകളെ അറസ്റ്റ് ചെയ്യുകയും 288 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അടൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടേയും സംഘത്തിന്റേയും ഡ്യൂട്ടി തടസപ്പെടുത്തിയതിന് അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഉള്‍പ്പടെയാണിത്. വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരേയും വാഹനങ്ങളുമായി ആവശ്യമില്ലാത്ത യാത്രകള്‍ ചെയ്യുന്നവരേയും നിയമനടപടികള്‍ക്ക് വിധേയമാക്കുന്നതു തുടരുമെന്നും പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കുമെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഒരുതരത്തിലുള്ള ഇളവും അനുവദിക്കില്ല. നഗരത്തില്‍ ഇടറോഡുകളും അടച്ചുള്ള പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും മറ്റും പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടുക്കുന്നതു തുടരും. സാമൂഹിക അകലം പാലിച്ച് കോവിഡ് പ്രതിരോധം പൂര്‍ണമാക്കല്‍ ലക്ഷ്യമാക്കിയുള്ള യത്നത്തില്‍ ജനങ്ങള്‍ സഹകരിക്കണം. സപ്ലൈകോ വഴിയുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണകേന്ദ്രങ്ങളില്‍ സുരക്ഷ ഒരുക്കും. കമ്യൂണിറ്റി കിച്ചനുകളില്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റേയോ പോലീസിന്റേയോ പാസ് നിര്‍ബന്ധമായും കരുതണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.