ചെന്നൈ : മധുരയില്‍ ലോക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഇറച്ചിക്കട തുറന്നയാള്‍ പോലീസ് മര്‍ദനത്തില്‍ മരിച്ചു. മധുര സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇറച്ചിക്കട നടത്തുന്ന റാവുത്തര്‍ (56) ആണ് മരിച്ചത്. ലോക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് മാര്‍ക്കറ്റുകളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതിനാല്‍ മധുരയില്‍ ഞായറാഴ്ച ഇറച്ചിക്കടകള്‍ തുറക്കുന്നത് കോര്‍പറേഷന്‍ നിരോധിച്ചിരുന്നു.
എന്നാല്‍ റാവുത്തര്‍ കോര്‍പറേഷന്റെ വിലക്ക് വകവെക്കാതെ കട തുറന്നു. ഇതറിഞ്ഞ പോലീസ് സംഭവസ്ഥലത്തെത്തി റാവുത്തറോട് കട പൂട്ടാന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും മൂന്നു പോലീസുകാര്‍ ചേര്‍ന്ന് റാവുത്തറിനെ മര്‍ദിച്ചുവെന്നും മാര്‍ക്കറ്റിലുണ്ടായിരുന്നവര്‍ പറഞ്ഞു. മര്‍ദനമേറ്റ് സംഭവസ്ഥലത്ത് കുഴഞ്ഞുവീണ റാവുത്തറിനെ മധുര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സ ഫലിക്കാതെ റാവുത്തര്‍ മരിച്ചു.