ന്യൂഡല്‍ഹി : കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ നിലനില്‍ക്കവേ ബംഗ്ലാദേശിലോ മറ്റ് വിദേശ രാജ്യങ്ങളിലോ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. അഭിഭാഷകനായ ഗൗരവ് കുമാര്‍ ബെന്‍സല്‍ ബംഗ്ലാദേശില്‍ കുടുങ്ങിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട്
സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ ശ്രമിക്കുന്നത് കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തിരിച്ചെത്തുമ്പോഴുണ്ടാകുന്ന അപകട സാധ്യത ഇല്ലാതാക്കുന്നതിനാണ്. വിദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് എല്ലാ സഹായ സൗകര്യങ്ങളും ഒരുക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുള്ളവര്‍ക്ക് ബന്ധപെടുന്നതിനായി ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം കോടതിയെ അറിയിച്ചു.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികളുടെ ഭാഗമായാണ് സമ്പൂര്‍ണ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്. ആഭ്യന്തര-അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവെച്ചു. ബംഗ്ലാദേശിലും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലും ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി ആസൂത്രണം ചെയ്യാന്‍ മന്ത്രാലയത്തിന് സാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് പരിമിതമായ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ മാത്രമേ ലഭ്യമുള്ളുവെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 15 വരെ ചൈന, ജപ്പാന്‍, ഇറ്റലി, എന്നീ രാജ്യങ്ങളില്‍ നിന്നായി 1698 പേരെ വിദേശകാര്യ മന്ത്രാലയം തിരികെ ഇന്ത്യയില്‍ എത്തിച്ച് ക്വാറന്റൈന്‍ ചെയ്തെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.