തിരുവനന്തപുരം : കേരളത്തില്‍ ഒരുകാരണവശാലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. എന്നാല്‍ അനിവാര്യമായ സ്ഥലത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആകാമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്ന് സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും. ഈ യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചാവും തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പൂര്‍ണ ലോക്ക്ഡൗണില്‍ തീരുമാനമെടുക്കുക. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പാണ് മുന്നോട്ടുവച്ചത്. എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രയാേഗികമല്ലെന്നും പ്രാദേശിക തലത്തിലുള്ള ലോക്ക്ഡൗണാണ് കൊവിഡ് വ്യാപനം തടയുന്നതിന് ഫലപ്രദമെന്നും ഐ എം ഐ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.