തിരുവനന്തപുരം : ലോക്ക് ഡൗണിൽ കേന്ദ്ര മാർഗ നിർദ്ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ ഇളവുകൾ ക്രമീകരിച്ചുള്ള പുതിയ ഉത്തരവിറക്കി പൊതുഭരണ വകുപ്പ്. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കടകളും സ്ഥാപനങ്ങളും മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പരിധി ഒഴികെയുള്ള പ്രദേശങ്ങളിൽ തുറക്കാം. മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകൾ ഒഴികെയുള്ള മുഴുവൻ കടകളുമാണു തുറക്കുക. റസിഡൻഷ്യൽ, മാർക്കറ്റ് കോംപ്ലക്സുകളിലേതുൾപ്പെടെയുള്ള കടകൾക്ക് ഇത് ബാധകമായിരിക്കും.
മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പരിധിക്കകത്ത് വരുന്ന പ്രദേശങ്ങളിൽ മാർക്കറ്റ് കോംപ്ലക്സുകളിലെ കടകൾക്ക് ഇളവ് അനുവദിച്ചിട്ടില്ല. മൊബൈൽ ഷോപ്പുകൾ, ചെറുകിട തുണിക്കടകൾ, ഫാൻസി ഷോപ്പുകൾ എന്നിവ ഗ്രാമ – നഗര വ്യത്യാസമില്ലാതെ തുറക്കാൻ അനുമതിയുണ്ട്. ചെറുകിട വ്യവസായങ്ങളുടെയടക്കം കാര്യത്തിൽ കേരളം കൂടുതൽ ഇളവുകൾ തേടും. പരമാവധി 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളു.എല്ലാവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ശാരീരിക അകലം സംബന്ധിച്ച മാർഗനിർദേശങ്ങൾ പാലിക്കണം.
വർക്ക് ഷോപ്പുകളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്. ദേശീയ- സംസ്ഥാന പാതകൾക്കരികിലെ വർക്ഷോപ്പുകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയ്ക്ക് അനുമതിയില്ല. ഹോട്ടലുകളിൽ നേരത്തെ ഉള്ള ഇളവുകൾ മാത്രമാണ് ഉണ്ടാവുക. ജ്വല്ലറികളും തുറക്കില്ല. സംസ്ഥാനത്ത് ചെറുകിട വ്യവസായ യൂണിറ്റുകൾ കൂടി പ്രവർത്തനം തുടങ്ങാനും അനുമതിയുണ്ട്, ഇതോടെ ഇവകൂടി സജീവമാവുന്നതോടെ കൂടുതൽ ഇളവുകൾ ചരക്കുനീക്കത്തിലടക്കം വേണ്ടി വരും. ഓറഞ്ച്, ഗ്രീൻ സോണുകളിലും, ഹോട്ട് സ്പോട്ടല്ലാത്ത സ്ഥലങ്ങളിലും മാത്രമാണ് നിയന്ത്രണങ്ങളോടെ ആളുകൾക്ക് കടകളിൽ പോകുവാൻ സാധിക്കുക. അതേസമയം കേന്ദ്ര ഉത്തരവ് പ്രാബല്യത്തിലാകുന്ന മുറയ്ക്കു സംസ്ഥാനത്തും പുതിയ ഇളവുകളെല്ലാം പ്രാബല്യത്തിൽ വരും.