പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ രംഗത്തിറക്കാൻ സി.പി.എം. മുൻമന്ത്രിമാരും കേന്ദ്രകമ്മിറ്റി അംഗങ്ങളുമായ ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ബാലൻ, കെ.കെ. ശൈലജ എന്നിവർ മത്സരിച്ചേക്കും. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജും മത്സരിക്കാനാണ് സാധ്യത. ഈ നേതാക്കളെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രാഥമികധാരണ രൂപപ്പെട്ടതായാണ് സൂചന. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാനകമ്മിറ്റി യോഗങ്ങളിലെ വിശദ ചർച്ചകൾക്കുശേഷമേ അന്തിമതീരുമാനമുണ്ടാകൂ.
മത്സരിക്കാൻ പരിഗണിക്കുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ഇവരോട് ആവശ്യപ്പെട്ടതായാണ് സൂചന. തോമസ് ഐസക് പത്തനംതിട്ടയിലും എ.കെ. ബാലൻ ആലത്തൂരും സ്ഥാനാർഥികളായേക്കും. കെ.കെ. ശൈലജ കണ്ണൂരോ വടകരയിലോ മത്സരിക്കും. ഏതുമണ്ഡലം എന്നതിൽ വ്യക്തതയായിട്ടില്ല. പാലക്കാട്ട് എം. സ്വരാജ് സ്ഥാനാർഥിയാകാനാണ് സാധ്യത.