തിരുവനന്തപുരം : മത്സരിക്കേണ്ട 16 സീറ്റിൽ പതിനഞ്ചും സിറ്റിങ് സീറ്റായതിന്റെ മുൻതൂക്കം പ്രചാരണത്തിൽ കോൺഗ്രസിനു ലഭിക്കേണ്ടതാണെങ്കിലും സ്ഥാനാർഥികളെ തീരുമാനിക്കാത്തതിന്റെ വൈരസ്യം തുടക്കത്തിൽത്തന്നെ വളരെ പ്രകടമാണ്. എല്ലാ മണ്ഡലത്തിലും സിപിഎം സ്ഥാനാർഥികളെക്കുറിച്ചു ധാരണയായെങ്കിലും കോൺഗ്രസിൽ പല തട്ടിലുള്ള ചർച്ചയും കൂടിക്കാഴ്ചയും ബാക്കിയാണ്. സിറ്റിങ് എംപിമാർ മത്സരിക്കട്ടെ എന്ന നിർദേശം ഹൈക്കമാൻഡിനു മുന്നിലുണ്ടെങ്കിലും ആർക്കും അനുവാദം നൽകിയിട്ടില്ല. എഐസിസി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ മാറ്റം വരുമോയെന്നും വ്യക്തമല്ല. ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടതോടെ അതിൽ തീരുമാനമാകുംമുൻപ് സ്ഥാനാർഥിനിർണയത്തിലേക്കു കടന്ന് അവരെ പ്രകോപിപ്പിക്കേണ്ടെന്നും കോൺഗ്രസ് കരുതുന്നു.
തൃശൂരിൽ ഈ മാസമാദ്യം സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ കൂടി പങ്കെടുത്ത് ഇലക്‌ഷൻ കമ്മിറ്റി യോഗം ചേർന്നതാണു പാർട്ടിയിൽ ഏറ്റവുമൊടുവിൽ നടന്ന ഔദ്യോഗിക ചർച്ച. ഏതെങ്കിലും സീറ്റിലേക്ക് ആരെയെങ്കിലും നിർദേശിക്കാനുണ്ടെങ്കിൽ വി.ഡി.സതീശൻ, കെ.സുധാകരൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ എന്നിവരുൾപ്പെട്ട ഉപസമിതിക്ക് എഴുതിനൽകാൻ നിർദേശിച്ചിരുന്നു.