തിരുവനന്തപുരം : പേട്ടയിൽ വച്ച് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബന്ധുക്കൾ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്ന് ആക്ഷേപം. കുട്ടിയെ തിരിച്ച് കിട്ടിയതിനാൽ നാട്ടിലേക്ക് മടങ്ങിപ്പോകാൻ അനുവദിക്കണമെന്നും തുടർനടപടികളോട് താൽപര്യമില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ ഇന്നലെ ഡിസ്ചാർജ് ചെയ്ത് അമ്മയ്‌ക്കൊപ്പം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പൂജപ്പുര വനിതാ ശിശു വികസന ഡയറക്ടറേറ്റിലെത്തിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടിയെ വീണ്ടും കൗൺസലിംഗ് നടത്തും.അന്വേഷണം കഴിയുന്നതുവരെ കുട്ടി തലസ്ഥാനത്ത് തുടരണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.
ഒരാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ വയ്ക്കണമെന്നാണ് ആശുപത്രി അധികൃതരോട് പൊലീസ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കുടുംബം എസ്എടി ആശുപത്രിയിൽ ബഹളംവച്ചതിന് പിന്നാലെയാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്ത് സിഡബ്ലിയുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.കേസിൽ ചോദ്യം ചെയ്യൽ നടത്തിയിട്ടും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും കാര്യമായ തുമ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കുട്ടിയെ കണ്ടെത്തി മൂന്നുദിവസം പിന്നിട്ടിട്ടും കേസിലെ ദുരൂഹത മാറുന്നില്ല. ബ്രഹ്മോസിന് പിൻവശത്തെ റെയിൽവേ ട്രാക്കിനു സമീപത്തെ ഓടയ്ക്കരികിൽ നിന്ന് കുട്ടിയെ കിട്ടിയെങ്കിലും എങ്ങനെ ഇവിടെ എത്തിയെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്.