കൊൽക്കത്ത : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റുധാരണയുണ്ടാക്കാൻ സംസ്ഥാന സി.പി.എം.-കോൺഗ്രസ് നേതൃത്വങ്ങൾ വ്യാഴാഴ്ച ചർച്ചനടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ചർച്ചയ്ക്കുള്ള തയ്യാറെടുപ്പുമായി സി.പി.എം. സംസ്ഥാനസെക്രട്ടറി മുഹമ്മദ് സലീം മുർഷിദാബാദിലെത്തിയെങ്കിലും കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുമായി കൂടിക്കാഴ്ചനടത്താൻ കഴിഞ്ഞില്ല. ചർച്ച പിന്നീട് കൊൽക്കത്തയിൽ നടക്കുമെന്ന് സലീം വ്യക്തമാക്കി.
താനും അധീർ ചൗധരിയും വ്യാഴാഴ്ച ബെഹ്റാംപുരിൽ കാണുമെന്നും സീറ്റുവിഭജനം ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും ചർച്ചചെയ്യുമെന്നും സലീം ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. സി.പി.എം. മുർഷിദാബാദ് ജില്ലാകമ്മിറ്റി യോഗത്തിനുശേഷം അധീറിനെ കാണാനായിരുന്നു സലീം തീരുമാനിച്ചിരുന്നത്. പക്ഷെ, ചർച്ചയുടെ ദിവസമോ സമയമോ പരസ്പരം സംസാരിച്ച് തീരുമാനിച്ചിരുന്നില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഇതുകൊണ്ടുതന്നെ മുൻനിശ്ചയിച്ച പരിപാടികളുമായി അധീറിന് മുന്നോട്ടുപോകേണ്ടിവന്നെന്നും ചർച്ചയ്ക്ക് സമയം കണ്ടെത്താനായില്ലെന്നുമാണ് കോൺഗ്രസ് ഉയർത്തുന്ന വാദം.