ഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇന്ത്യയിൽ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള വ്യാജ വീഡിയോകള്‍ രാഷ്ട്രീയ എതിരാളികൾ പരസ്പരം പ്രയോഗിക്കുമോയെന്നതിൽ ആശങ്ക ശക്തമാകുന്നു. രാഷ്ട്രീയരംഗത്ത് കരുത്തുതെളിയിച്ച് മണ്‍മറഞ്ഞുപോയ നേതാക്കള്‍ എ.ഐ. സാങ്കേതിക വിദ്യയിലൂടെ പുനര്‍ജനിക്കുന്നത് ലോകമാകെ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണിത്. അറുപതിലധികം രാജ്യങ്ങളാണ് ഈവര്‍ഷം ദേശീയ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എ.ഐ. ദുരുപയോഗം വ്യാപകമാവുകയാണ്.
ബംഗ്ലാദേശില്‍ പ്രതിപക്ഷപാര്‍ട്ടികളെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ അനുകൂല അക്കൗണ്ടുകള്‍ ഡീപ്ഫേക്കുകള്‍ സൃഷ്ടിച്ചതും ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ എ.ഐ. അധിഷ്ഠിത ഓഡിയോ പ്രസംഗങ്ങൾ വന്നതും ചർച്ചയായിട്ടുണ്ട്. യു.എസ്. ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ഇലവന്‍ ലാബ്‌സാണ് ഇമ്രാന്‍ ഖാന്റെ എ.ഐ. പ്രസംങ്ങള്‍ തയ്യാറാക്കിയത്.