ആലപ്പുഴ : യുഡിഎഫ് പ്രവർത്തകരെ ഒന്നടങ്കo ആവേശത്തിലാഴ്ത്തി ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് കെ.സി. വേണുഗോപാലിന്റെ എൻട്രി. ഒറ്റ ദിവസം കൊണ്ട് ആറ് നിയമസഭാ മണ്ഡലങ്ങൾ പിന്നിട്ട റോഡ് ഷോയോടെ യുഡിഎഫിന്റെ പ്രചാരണത്തിന് ആവേശത്തുടക്കം. അരൂർ മുതൽ കായംകുളം വരെ, വഴിയിലുടനീളം കാത്തുനിന്ന പ്രവർത്തകർ തീർത്ത ആവേശപ്പുഴയിലൂടെ കെ.സി. വേണുഗോപാൽ ഒറ്റ ദിവസം കൊണ്ട് നേരത്തേ കളത്തിലിറങ്ങിയ സ്ഥാനാർഥികൾക്കൊപ്പമെത്തി. അരൂർ മുതൽ കരുനാഗപ്പള്ളി വരെയുള്ള ഏഴ് മണ്ഡലങ്ങളിലൂടെയും ഇന്നലെ റോഡ് ഷോ നടത്താനാണു ലക്ഷ്യമിട്ടതെങ്കിലും സ്വീകരണകേന്ദ്രങ്ങളിലെ തിരക്കുമൂലം പ്രതീക്ഷിച്ചതിലും വൈകിയതോടെ 6 മണ്ഡലങ്ങൾ പൂർത്തിയാക്കി റോഡ് ഷോ കായംകുളം പുതുപ്പള്ളിയിൽ സമാപിച്ചു.
രാവിലെ അരൂരിൽ ഉദ്ഘാടനം ചെയ്തതു മുതൽ രാത്രി വൈകി കായംകുളത്തെ സമാപനം വരെ പ്രചാരണ വാഹനത്തിൽ കെ.സിക്കൊപ്പം നിന്ന് രമേശ് ചെന്നിത്തല പ്രചാരണത്തിന്റെ കപ്പിത്താനായി. ഒടുവിൽ കാത്തിരിപ്പിനൊടുവിൽ പ്രിയനേതാവ് തിരിച്ചെത്തിയതിന്റെ ആവേശം പ്രവർത്തകരിലുണ്ടായിരുന്നു. കൊടും വെയിലത്തും റോഡരികിൽ പിഞ്ചുകുഞ്ഞുങ്ങളുമായി അവർ കെ.സിയെ കാത്തുനിന്നു. നൂറോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രചാരണം. പിന്നെ കണ്ടത് ഓരോ സ്വീകരണ കേന്ദ്രത്തിലും ജനം തടിച്ചുകൂടുന്ന കാഴ്ചയായിരുന്നു.