പന്തളം : 32 വർഷത്തെ സേവനത്തിനുശേഷം സർക്കാർ സർവീസിൽ നിന്ന് വിരമിച്ച മാതൃകാ അധ്യാപകൻ ജെ രാജേന്ദ്രൻ മാഷിന് സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യാനെത്തിയ ലോകപ്രശസ്ത സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ‘വേഗ വരയാദരം ‘ ഒരുക്കിയത് ശ്രദ്ധേയമായി. വേദിയിൽ അതിവേഗ ചിത്രകാരന് മോഡലായി നിന്ന മാഷിന്റെ രേഖാചിത്രം സെക്കണ്ടുകൾ കൊണ്ട് പൂർത്തീകരിച്ചപ്പോൾ ആവേശഭരിതരായ കുട്ടികൾ ചിത്രത്തിലേക്ക് സ്നേഹാധിക്യത്തോടെ റോസാപ്പൂക്കൾ വാരിവിതറി. തട്ടയിൽ ചെറിലയം ഗവ.എൽ പി സ്കൂളിലെ രക്ഷിതാക്കളും അദ്ധ്യാപകരും പൗരാവലിയും നിറഞ്ഞ സദസ്സ് വലിയ കരഘോഷത്തോടെയാണ് വികാരനിർഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.
കുട്ടികളിൽ പാഠപുസ്തകത്തിലെ അറിവിനൊപ്പം നന്മയുടെയും സാമൂഹ്യ അവബോധത്തിന്റെയും ഉൾക്കാഴ്ച്ച പകർന്ന മാതൃകാദ്ധ്യാപകനായിരുന്നു പൊതുപ്രവർത്തകൻ കൂടിയായ രാജേന്ദ്രൻ മാഷ്.
ബാലഗോകുലം പത്തനംതിട്ട ജില്ലാ അധ്യക്ഷൻ, സംസ്ഥാന സമിതിയംഗം, ദേശീയ അധ്യാപക പരിഷത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ദക്ഷിണമേഖലാ സെക്രട്ടറി എന്നീ ചുമതലകളും രാജേന്ദ്രൻ മാഷ് വഹിച്ചിട്ടുണ്ട്. പന്തളം ഉപജില്ലാ കലോത്സവം സംഘാടക സമിതി കൺവീനറും കൂടിയായിരുന്ന രാജേന്ദ്രൻ മാഷ് 1992ൽ തൃശൂർ ജില്ലയിലെ പേരാമംഗലം ശ്രീ ദുർഗാ സ്കൂളിൽ നിന്നുമാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ഇടുക്കി, കൊല്ലം ജില്ലകളിൽ വിവിധ സ്കൂളുകളിൽ സേവനമനുഷ്ടിച്ച ശേഷം സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ തിരിച്ചെത്തി പണ്ട് താൻ പഠിച്ച, വീടിന്റെ തൊട്ടു മുമ്പിലെ ചെറീലയം ഗവ. എൽ പി എസ് വിദ്യാലയത്തിൽ അധ്യാപകനായി. മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അധ്യാപക ജീവിതത്തിനു ശേഷം 2024 മാർച്ച് 27 ന് മാഷ് ഔദ്യോഗികമായി വിരമിക്കുകയാണ്. അതിന് മുന്നോടിയായുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂളിന്റെ 104 ആം വാർഷികാഘോഷപരിപാടികളുമാണ് ഡോ. ജിതേഷ്ജി വരവേഗവിസ്മയത്തിലൂടെയും സചിത്രഭാഷണത്തിലൂടെയും വേറിട്ടരീതിയിൽ ഉദ്ഘാടനം ചെയ്തത്.
പി.ടി.എ പ്രസിഡന്റ് അജി മുരുപ്പേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം വി എം മധു വല്ലാറ്റൂർ, പ്രഥമാദ്ധ്യാപിക ബെൻസി എലിസബത്ത് വർഗീസ്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം എസ് ശ്രീവിദ്യ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബി നരേന്ദ്രനാഥ്, ഇളമണ്ണൂർ വി എച്ച് എസ്സ് എസ്സ് പ്രിൻസിപ്പൽ കെ എൽ മിനി, അദ്ധ്യാപകൻ ജെ രാജേന്ദ്രക്കുറുപ്പ്, എം പി ടി ഏ അദ്ധ്യക്ഷ ഷാനുമോൾ, എസ് ആശ, ജ്യോതി, സിന്ധു സേവ്യർ , സനീഷ്, അർച്ചന, അമ്പിളി, മഞ്ജുഷ, സുജാത, ശാരദ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും നടന്നു.