പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നില്ലെങ്കിലും പത്തനംതിട്ട മണ്ഡലത്തിലെ ചിത്രം ഏറെക്കുറെ വ്യക്തമായി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട പാര്‍ലമെന്റ് കമണ്ഡലം. ഇതില്‍ ഏഴും എല്‍ ഡി എഫിന്റെ കൈകളിലാണ്. കാലങ്ങളായി യു ഡി എഫ് അനുകൂല നിലപാടുകളാണ് നിലനിൽക്കുന്നതെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നടത്തിയ മുന്നേറ്റമാണ് എൽ ഡി എഫ് നു പ്രതീക്ഷ നൽകുന്നത്. യു ഡി എഫില്‍ നിന്നും ഇത്തവണയും ആന്റോ ആന്റണി തന്നെയാണ് മത്സരിക്കുന്നത്. നാലാം തവണയാണ് ആന്റോ ആന്റണി ഇവിടെ മത്സരത്തിന് തയ്യാറാകുന്നത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ആന്റോയെ നേരിടാൻ മൂന്ന് വിത്യസ്ത സ്ഥാനാർത്ഥികളെയാണ് സി പി എം ഇറക്കിയത്. ഇത്തവണയും അതിന് വ്യത്യാസം ഇല്ല. കുറെ മാസങ്ങളായി തോമസ് ഐസക് ഈ മണ്ഡലത്തില്‍ സജീവമായിരുന്നു. ആന്റോ ആന്റണിയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ ഇപ്പോള്‍ പരിഹരിച്ച നിലയിലാണ്.
ബിജെപി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന മണ്ഡലങ്ങളിൽ ഒന്നായ പത്തനംതിട്ടയിൽ പി സി ജോർജ്ജിന്റെയും അനില്‍ ആന്റണിയുടെയും പേരുകള്‍ സജീവമായിത്തന്നെ പരിഗണയിലുണ്ട്. എന്നാലും പി സി യിലേക്ക് തന്നെ ചർച്ചകൾ ഒതുങ്ങിയെന്നാണ് സൂചന. ജനപക്ഷം പാർട്ടിയുമായി വന്ന് ബിജെപിയിൽ ലയിച്ച പിസി ജോർജ് അവസാന സമയം വരെ ഏകപക്ഷീയമായി സീറ്റിൽ മത്സരിക്കുമെന്ന പ്രതീതി ആണ് നേരത്തെ വന്നിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് 48,000 പേർക്ക് ജോലി നൽകുമെന്നാണ് തോമസ് ഐസക് പറയുന്നത്. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മറ്റ് പദ്ധതികളും നടത്തും.
കഴിഞ്ഞ ലോക്സഭാ മത്സരത്തിൽ വീണാ ജോർജ് ആയിരുന്നു എൽ ഡി ഫ് സ്ഥാനാർഥി. ആന്റോ ആന്റണിയോട് 44243 വോട്ടുകൾക്കായിരുന്നു അന്ന് വീണയുടെ പരാജയം. 237996 വോട്ടുകൾ ആയിരുന്നു ബി ജെ പി സ്ഥാനാർഥിയായിരുന്ന കെ സുരേന്ദ്രൻ നേടിയത്. അത് ഇപ്പോൾ ബി ജെ പി യുടെ പ്രതീക്ഷകൾ കൂട്ടുകയാണ്. പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി നേതാവ് പി സി ജോർജ് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ മുന്നണികൾ മറികളിക്കുകയും പലവട്ടം പാർട്ടികൾ വിട്ട് കൂടുമാറുകയും ചെയ്‌ത പിസി ജോർജിനെ മണ്ഡലത്തിൽ ഇറക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് മടിയുണ്ടെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.