മല്ലപ്പള്ളി : താലൂക്കിലെ പ്രധാന ജംഗ്ഷനായ വെണ്ണിക്കുളത്ത് കൈയേറ്റം മൂലം ഗതാഗതക്കുരുക്ക് രൂക്ഷം. സ്ഥലപരിമിതി രൂക്ഷമായ ജംഗ്ഷനാണിത്. മുമ്പ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾ കൈയേറി . വെണ്ണിക്കുളം -തടിയൂർ വലിയ തോടിന്റെ വശങ്ങൾ നേരത്തെ പൊതുമരാമത്ത് വകുപ്പ് കരിങ്കൽ കെട്ടി ഉയർത്തിയിരുന്നു. ഇവിടം പാർക്കിങ് മേഖലയായി ഉപയോഗിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പാണ് ഇവിടെ ചെറിയ ഷെഡുകൾ ഉയർന്നത്. പിന്നീട് അവ അടച്ചുറപ്പുള്ള കടമുറികളായി. വെണ്ണിക്കുളം – തിരുവല്ല റോഡിലെ പലയിടങ്ങളിലും ഇതാണ് സ്ഥിതി, എഴുമറ്റൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സ്ഥലത്തും കൈയേറ്റമുണ്ട്. എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്ഥലം ഒഴിപ്പിക്കുന്നതിന് കഴിഞ്ഞ ഭരണസമിതിയുടെ അവസാനഘട്ടത്തിൽ നടപടി ഉണ്ടായെങ്കിലും നിലവിലെ ഭരണസമിതി നടപടി സ്വീകരിച്ചില്ല.
നീരൊഴുക്കുള്ള തോടുവശങ്ങൾ പഞ്ചായത്തിന്റെ അധിനതയിലാണെന്നാണ് ചട്ടമെങ്കിലും ഗ്രാമപഞ്ചായത്ത് അധികൃതരോ, പൊതുമരാമത്ത് അധികൃതരോ, റവന്യൂ അധികൃതരോ ഇത് കണ്ടില്ലെന്നമട്ടിലാണ്. ചില വ്യക്തികൾ പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. വാളക്കുഴി – തെള്ളിയൂർ മേഖലയിൽ നീരൊഴുക്കുള്ള രണ്ട് പ്രധാന തോടുകളാണ് കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയ്ക്കരികിലൂടെ പോകുന്നത്.നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ ഇവ സമീപത്തെ കടകളുടെ മാലിന്യങ്ങളുടെ ശേഖമായി മാറി. സെന്റ് ബഹനാൻസ് സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളാണ് വർഷങ്ങളായി തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. നീക്കം ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴേക്കും മാലിന്യങ്ങളുടെ കൂമ്പാരമായി തോട് മാറും. ഇത് കാലവർഷം ശക്തിപ്പെടുന്നതോടെ മണിമലയാറ്റിൽ ചെല്ലുന്ന സ്ഥിതിയിലാണ്.