ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ വിധിയെഴുതിത്തുടങ്ങി. രാഹുൽ ഗാന്ധി, ഓംബിർള ,ഹേമമാലിനിയടക്കം പ്രമുഖരാണ് മത്സരരംഗത്തുള്ളത്. കേരളത്തിലും രാജസ്ഥാനിലും മണിപ്പൂരിലും രണ്ടാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂർത്തിയാകും. ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം 88 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 2019ൽ 60 ലധികം മണ്ഡലങ്ങൾ നേടിയ എൻഡിഎയ്ക്ക് അത്നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അഞ്ചുവർഷം പിന്നിടുമ്പോൾ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്‍ഡ്യ മുന്നണിക്ക് ആത്മവിശ്വാസം വർധിക്കുന്നുണ്ട്. കേരളം ഒഴിച്ച് നിർത്തിയാൽ മറ്റു സംസ്ഥാനങ്ങളിൽ ഇത്തവണ ബി.ജെ.പിക്ക് മത്സരമുണ്ട്.
കർണാടകയിലെ 14 മണ്ഡലങ്ങളിൽ ഇൻഡ്യ മുന്നണിയുടെ വെല്ലുവിളി അതിജീവിക്കുക പ്രയാസമാണ്. മുന്നണി സമവാക്യം മാറിയതിനാൽ മഹാരാഷ്ട്രയിലെ എട്ടു മണ്ഡലങ്ങളും പ്രവചനാതീതമാണ്. രാജസ്ഥാനിലെ 13 മണ്ഡലങ്ങളിൽ അഞ്ചിടങ്ങളിലെങ്കിലും കടുത്ത മത്സരമാണ്. ഉത്തർ പ്രദേശിൽ അഖിലേഷ് യാദവും മത്സരത്തിൽ എത്തിയതോടെ പോരാട്ടം ശക്തമായിട്ടുണ്ട്. എന്നാൽ മധ്യപ്രദേശിലെ അസംബ്ലി മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് മേൽകൈയുണ്ട്. രാഹുൽ ഗാന്ധി, ലോക്സഭാ സ്പീക്കർ ഓംബിർള, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ഹേമമാലിനി, ഡാനിഷ് അലി, എച്ച് ഡി കുമാരസ്വാമി അടക്കമുള്ള പ്രമുഖർ മത്സരരംഗത്തുണ്ട്.