ഡൽഹി : വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പ്രമുഖ മുതിർന്ന കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നേക്കുമെന്ന് സൂചന. അശോക് ഗഹലോത്ത്, കമൽനാഥ്, ദിഗ്വിജയ സിങ്, ഹരീഷ് റാവത്ത് എന്നീ നാല് മുൻ മുഖ്യമന്ത്രിമാർ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. തിങ്കളാഴ്ച ചേർന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് സൂചനകൾ ലഭിച്ചിരിക്കുന്നത്.
ഇവർക്ക് പുറമെ രാജസ്ഥാനിലെ പ്രമുഖ നേതാവായ സച്ചിൻ പൈലറ്റും ലോക്സഭയിലേക്ക് ജനവിധി തേടുന്നില്ലെന്നാണ് വിവരം. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 62 സീറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ നടന്നത്.