തിരുവനന്തപുരം : ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് നാളെ തുടക്കം. വൈകീട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്നുദിവസത്തെ സമ്മേളനത്തിന് നാലുകോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. പ്രളയം, കൊവിഡ്, യുക്രൈന്‍ യുദ്ധം എന്നീ വിഷയങ്ങളുയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയാണ് മൂന്നാംലോക കേരള സഭ സമ്മേളിക്കുന്നത്. നാളെ തുടങ്ങി ജൂണ്‍ 18 വരെ നീണ്ടുനില്‍ക്കുന്ന ലോക കേരള സഭയില്‍, 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും. നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 8 വിഷയാധിഷ്ഠിത ചര്‍ച്ചകളുണ്ടാകും.
കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം, ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‍മെന്റ് & ഹോള്‍ഡിംഗ് ലിമിറ്റഡ് കമ്പനി, വനിതകളുടെ സുരക്ഷിത കുടിയേറ്റത്തിനായി നോര്‍ക്ക റൂട്ട്‌സില്‍ വനിതാ സെല്‍, മനുഷ്യക്കടത്തും തൊഴില്‍ ചൂഷണവും തടയുന്നതിന് എയര്‍പോര്‍ട്ടുകളില്‍ മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍, അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രം, പ്രവാസി ആനുകാലിക പ്രസിദ്ധീകരണം ‘ലോക മലയാളം’ എന്നിവയാണ് ലോക കേരള സഭയുടെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. സാമ്പത്തിക ഞെരുക്കമുള്ള സംസ്ഥാനത്ത് നാല് കോടി രൂപ മുടക്കില്‍ സമ്മേളനം നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ലോക കേരള സഭ വീണ്ടും സമ്മേളിക്കുന്നത്.