തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കി. കനത്ത പ്രതിപക്ഷ പ്രതിഷേധം കാര്യമാക്കാതെയാണ് നടപടി. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സബ്ജക്ട് കമ്മിറ്റിയിൽ പുതിയ ഭേദഗതി ഉൾപ്പെടുത്തിയെന്നും ഇത് ക്രമപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സഭ അംഗീകരിച്ചില്ല. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്ക് ഉണ്ടെന്നും ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്നും നിയമന്ത്രി പറഞ്ഞു.
ലോകായുക്ത ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതിയ ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുത്തിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭ അധികാരപ്പെടുത്താതെ ഭേദഗതിയിൽ മാറ്റം വരുത്തി. ബിൽ അവതരിപ്പിക്കുന്നതും ചട്ടംവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. അഴിമതി കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണമെന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളയുന്നത്. പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയില്‍ പുനപ്പരിശോധനാ അധികാരം നിയമസഭക്ക് നല്‍കുന്ന ഭേദഗതി ആണ് കൊണ്ടുവന്നത്.