തിരുവനന്തപുരം : ലോകായുക്ത നിയമം കൊണ്ടു വന്ന മുൻമുഖ്യമന്ത്രി നായനാരുടെ ആത്മാവ് പിണറായി വിജയനോട് ക്ഷമിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നായനാര്‍ ആണ് ലോകായുക്ത നിയമം കൊണ്ടു വന്നത്. ഈ സര്‍ക്കാര്‍ നിര്‍ദേശിച്ചവരാണ് ലോകായുക്തയിലുള്ള മൂന്ന് പേരും. കുറ്റക്കാരനായ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്ത് ധാർമ്മികതയാണെന്നും ചെന്നിത്തല ചോദിച്ചു.
ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് പിണറായി വിജയൻ. അഴിമതിക്ക് എതിരെ മുഖ്യമന്ത്രി ഒരിക്കൽ പത്രസമ്മേളനം നടത്തി. അപ്പോഴേ ഞാൻ പറഞ്ഞതാണ് ചെകുത്താൻ വേദം ഓതുകയാണെന്ന്. ചെറിയ കോടതി പരാമർശത്തിൽ പോലും എത്രയോ യുഡിഎഫ് മന്ത്രിമാർ രാജിവെച്ചു പോയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാത്തിനെയും ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് കാട്ടുകള്ളൻ. രക്ത ദാനം മഹാദാനം എന്ന പോലെ മാർക്ക് ദാനം മഹാദാനം നടത്തിയ മന്ത്രിയാണ് ജലീൽ. ജലീലിനെ ഇനിയും സംരക്ഷിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയെ തന്നെ സംശയിക്കേണ്ടി വരുമെന്നും ലോകായുക്ത വിധിക്ക് എതിരെ ജലീൽ കോടതിയെ സമീപിച്ചത് ജനങ്ങൾക്ക് എതിരെയുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.
പാനൂർ പ്രതിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. തൂങ്ങി മരണമാണ് പ്രതിയുടേതെന്ന് കരുതാനാവില്ല. പ്രതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വിടണം. കൊന്ന് തൂക്കിയത് ആണെന്ന് ആളുകൾ ഞങ്ങളോട് പറയുന്നുണ്ടായിരുന്നു. കേസിൽ ഡോക്ടർമാർക്ക് മേൽ സമ്മർദ്ദം ഉണ്ടെന്നാണ് കേൾക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.