ആലപ്പുഴ : തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് മണൽ കടത്തിയതിന് തെളിവുണ്ടോയെന്ന് ലോകായുക്ത. മണൽക്കടത്ത് അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് ഹർജിക്കാരനോട് ലോകായുക്തയുടെ ചോദ്യം. തെളിവില്ലാതെ ആരോപണങ്ങൾ മാത്രം ഉന്നയിച്ചാൽ എങ്ങനെ അന്വേഷണം നടത്തുമെന്നും ലോകായുക്ത ചോദിച്ചു. കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും. ഹർജിക്കാരൻ്റെ പരാതിയിൽ സിഎംആർഎല്ലിനെ എന്തുകൊണ്ട് കക്ഷി ചേർത്തില്ലെന്ന് ലോകായുക്ത ചോദിച്ചു. തർക്കപരിഹാര ബോർഡിൻ്റെ ഉത്തരവ് കൂടി പരിഗണിക്കണമെന്ന് ഹർജിക്കാരൻ മറുപടി നൽകി. ഈ ഉത്തരവ് കേസിൽ കൊണ്ടുവന്നതിൻ്റെ പ്രസക്തി എന്തെന്ന് ലോകായുക്ത ചോദിച്ചു.
ഹർജിക്കാരന്റെ വാദങ്ങൾ പ്രാഥമികമായി തൃപ്തികരമല്ലെന്നും ലോകായുക്ത. സിഎംആർഎല്ലുമായി ഒരു കരാറുമില്ലെന്ന് കെഎംഎംഎൽ അഭിഭാഷകനും അറിയിച്ചു. 99 കോടിയോളം രൂപയുടെ കരിമണല്‍ അനധികൃതമായി സിഎംആര്‍എല്‍ കടത്തി എന്നാണ് പരാതി. തോട്ടപ്പള്ളിയില്‍ നിന്ന് 10 ലക്ഷത്തോളം ടണ്‍ കരിമണല്‍ സിഎംആര്‍എല്‍ കടത്തിയെന്ന് ഹര്‍ജിയില്‍ ആരോപണം ഉണ്ട്. കരിമണല്‍ എടുക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ആവശ്യം. മത്സ്യബന്ധന തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ് സീതിലാലാണ് പരാതിക്കാരന്‍.