പത്തനംതിട്ട : ലോക്ക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് 211 കേസുകളിലായി 210 പേരെ അറസ്റ്റ് ചെയ്തു. 177 വാഹനങ്ങള്‍ പിടിച്ചെടുത്തു. കോവിഡ് 19 ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ആളുകള്‍ കൂട്ടംകൂടുന്നത് പൂര്‍ണമായും തടയുമെന്നും വളരെ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് വാഹനവുമായി നിരത്തില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ജില്ലാപോലീസ് മേധാവി കെ.ജി.സൈമണ്‍ അറിയിച്ചു.
സാധനങ്ങള്‍ പൂഴ്ത്തിവെച്ച് കരിഞ്ചന്തയില്‍ വില്‍ക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ച് നിയമനടപടികള്‍ക്ക് വിധേയമാക്കും. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെ അമിതവില ഈടാക്കുന്നവര്‍ക്കെതിരെയും നടപടികളുണ്ടാകും. വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്കുകളിലും മറ്റും എത്തുന്നവര്‍ നിശ്ചിത അകലം ഉറപ്പുവരുത്തണം.
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ജനമൈത്രി പോലീസിനെയും മറ്റും ഉപയോഗിച്ച് അവരുടെ ആവശ്യങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
കൊടുമണ്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഐക്കാട് താമസിക്കുന്ന ഇരുപതോളം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യസാമഗ്രികള്‍ എത്തിച്ച് നല്‍കി. കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ബീറ്റ് ഓഫീസര്‍മാരായ നൗഷാദ്, ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണു വരുമാനമില്ലാതെ വലഞ്ഞ തൊഴിലാളികള്‍ക്ക് ആശ്വാസവുമായി എത്തിയത്.