കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി വഴിയരികിലെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. തൊടിയൂർ വേങ്ങര സ്വദേശി യൂസഫ് കുഞ്ഞ് ആണ് മരിച്ചത്. പത്ര കെട്ടുകൾ തരംതിരിക്കുന്നതിനിടെയായിരുന്നു അപകടം. ലോറിയുടെ ഡ്രൈവർക്കും പരുക്കേറ്റു. പത്രവിതരണക്കാരനായ യൂസഫ് കുഞ്ഞ് രണ്ടു മണിക്കൂറോളമാണ് ലോറിക്കടിയിൽ കുടുങ്ങിക്കിടന്നത്.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് യൂസഫ് കുഞ്ഞിനെ പുറത്തെടുക്കാനായത്. വാഹനം നിയന്ത്രണം വിട്ടു വരുത്തതു കണ്ട് മറ്റുള്ളവർ ഓടി രക്ഷപെട്ടതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. എറണാകുളം ഭാഗത്തു നിന്നു വരികയായിരുന്ന ലോറി റോഡിലെ മീഡിയനും തകർത്താണ് എതിർവശത്തെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറിയത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.