അഞ്ചല്‍ : പാതയോരത്ത് ഒതുക്കിയിട്ടിരുന്ന ലോറിയില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ കേരളപുരം അരുണ്‍ നിവാസില്‍ അജയന്‍പിള്ളയെ (64) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനിയും സൂത്രധാരനുമാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ഇത്തിക്കര സ്വദേശിയായ അഖില്‍ (20) എന്ന് പോലീസ്.
നിരവധി പിടിച്ചുപറിക്കേസിലും അടിപിടിക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. പണവും മൊബൈല്‍ ഫോണും കവരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഡ്രൈവറെ ഇവര്‍ ആക്രമിച്ചത്. എന്നാല്‍, ഡ്രൈവറുടെ ചെറുത്തുനില്പും ബഹളവും സമീപത്തെ വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റുമിട്ടതോടെ സംഘം ബൈക്കുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. രണ്ട് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് കൃത്യം നടത്തിയത്. ലോറിയുടെ ക്യാബിനുള്ളിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും ഇവര്‍ക്ക് കൈവശപ്പെടുത്താന്‍ കഴിഞ്ഞില്ല.
തെളിവെടുപ്പിനിടെ ഇവ പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം കസ്റ്റഡിയിലായ ഇത്തിക്കര സ്വദേശി സുധിന്‍ (19) പോലീസിന് നല്കിയ മൊഴിയെതുടര്‍ന്നാണ് അഖിലിനെക്കുറിച്ചും മറ്റ് സംഘാംഗങ്ങളെപ്പറ്റിയും പോലീസിന് വിവരം ലഭിച്ചത്. സംഭവദിവസം ഇവര്‍ ഉപയോഗിച്ചിരുന്ന ബൈക്ക് ഇത്തിക്കര ആറ്റില്‍ ഉപേക്ഷിച്ച നിലയില്‍ ചടയമംഗലം പോലീസ് കണ്ടെടുത്തു. മറ്റ് സംഘാംഗങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നും ഇവര്‍ ഉടന്‍തന്നെ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു.