ഡൽഹി: എയർ ഇന്ത്യയുടെ അശ്രദ്ധമൂലം പൂച്ചയെ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി യാത്രക്കാരൻ. ഡൽഹി വിമാനത്താവളത്തിൽവെച്ച് പൂച്ചയെ നഷ്ടമായെന്നാണ് പരാതി. ഡൽഹി വിമാനത്താവളത്തിൽ നിന്നും ഇംഫാലിലേക്കുള്ള യാത്രക്കിടെയാണ് പൂച്ചയെ നഷ്ടമായത്. സോണി എസ് സോമർ എന്ന യാത്രക്കാരനാണ് ട്വിറ്ററിലൂടെ സുഹൃത്തിനുണ്ടായ ദുരനുഭവം വിവരിച്ചത്.വിമാനത്തിൽ ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് പൂച്ചയെ ഒപ്പം കൊണ്ടു പോകുന്നതിനായി ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാനോ ബിസിനസ് ക്ലാസിലേക്ക് മാറ്റാനോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് സാധ്യമാവില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചതോടെ പൂച്ചയെ കാർഗോയിൽ കൊണ്ടു പോവാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ വെച്ച് ജീവനക്കാരൻ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാൽ പൂച്ചകളിലൊന്ന് കൂടുതുറന്ന് പുറത്ത് പോവുകയായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ ഒരു പൂച്ചയെ കാർഗോയിൽ അയച്ച് യാത്ര തുടരുകയായിരുന്നുവെന്ന് തോമർ വ്യക്തമാക്കുന്നു. സുഹൃത്തിന്റെ ദുരനുഭവത്തെ കുറിച്ചുള്ള ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട എയർ ഇന്ത്യ ഫോണിൽ വിളിച്ച് ക്ഷമചോദിച്ചുവെന്നും തോമർ പറഞ്ഞു. എന്നാൽ, ക്ഷമാപണമല്ല നഷ്ടപ്പെട്ട പൂച്ചയെയാണ് തങ്ങൾക്ക് ആവശ്യമെന്നും തോമർ വ്യക്തമാക്കി.