കൊച്ചി: സംസ്ഥാനത്ത് ധനകാര്യവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ലോട്ടറി ഡിപ്പാര്‍ട്ടുമെന്റിലെ കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കാനൊരുങ്ങി എന്‍ഫേഴ്‌സമെന്റ് ഡയറക്ടറേറ്റ്. പത്തുവര്‍ഷത്തെ സമ്മാനാര്‍ഹരുടെ പട്ടിക കേരള ലോട്ടറി വകുപ്പിനോട് ഇ ഡി ആവശ്യപ്പെട്ടു. സംസ്ഥാന ധനമന്ത്രിയുടെ ഓഫീസ്, വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ലോട്ടറി ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥര്‍, ചില വന്‍കിട ലോട്ടറി ഏജന്റുമാര്‍, ചില അഭിഭാഷകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന വന്‍ റാക്കറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടില്‍ ഉണ്ടെന്നാണ് ഇഡിക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നാണ് സൂചന.
ഇതോടെ സംസ്ഥാനത്തെ വന്‍ ലോട്ടറിത്തട്ടിപ്പിടപാടും അതിന് നേതൃത്വം നല്‍കുന്നവരെയും ഇ ഡിയുടെ നടപടിയിലൂടെ കണ്ടെത്താനാകും. ലോട്ടറി സമ്മാനത്തുക സമ്മാനാര്‍ഹര്‍ക്ക് നല്‍കി ലോട്ടറി കൈക്കലാക്കുന്ന സംഘത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുമ്പും വന്നതാണ്. എന്നാല്‍, ഇപ്പോള്‍ നടക്കുന്നത് അതിനേക്കാള്‍ ഗൗരവമായ സാമ്പത്തിക ക്രമക്കേടുകളാണ്.
വിജിലന്‍സ് കേസുകളില്‍ പ്രതിയാകുന്നവരും അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുടുങ്ങുന്നവരും രക്ഷപ്പെടുന്നത് ലോട്ടറിമറയുടെ സഹായത്തിലാണെന്ന സൂചനകള്‍ അന്വേഷണ ഏജന്‍സിക്ക് കിട്ടിയിട്ടുണ്ട്. അനധികൃത സ്വത്തല്ല, അത് ലോട്ടറി കിട്ടിയതാണെന്ന് കോടതിയില്‍ ബോധ്യപ്പെടുത്തിയാണ് പല കേസുകളിലും പ്രതികള്‍ രക്ഷപ്പെടുന്നത്. ഇടത്തരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളുടെ തലവന്മാരും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരുമാണ് ഈ ലോട്ടറി സംവിധാനം വഴി കള്ളപ്പണം വെളുപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.