ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാമെന്ന് സുപ്രീംകോടതി നിരീക്ഷണം ‘ലൗജിഹാദ്’ തടയാനെന്ന പേരില്‍ ഭരണഘടനാവിരുദ്ധമായ നിയമങ്ങള്‍ പാസാക്കിയ ബിജെപി സര്‍ക്കാരുകള്‍ക്ക് തിരിച്ചടി. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ‘ലൗജിഹാദ്’ തടയാനെന്ന പേരില്‍ നിയമങ്ങള്‍ പാസാക്കിയിരുന്നു.
വ്യത്യസ്ത മതങ്ങളിലുള്ള പ്രായപൂര്‍ത്തിയായവര്‍ പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നത് പ്രശ്നമാക്കി വര്‍ഗീയ ധ്രുവീകരണം തീവ്രമാക്കുകയാണ് ‘ലൗജിഹാദ്’ നിയമങ്ങളുടെ ഉദ്ദേശ്യം. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ‘ലൗജിഹാദ്’ നിയമത്തിന്റെ പേരില്‍ പോലീസ് ന്യൂനപക്ഷ വിഭാഗക്കാരെ ദ്രോഹിക്കുന്നുവെന്ന് വ്യാപക പരാതിയുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ‘ലൗജിഹാദ്’ പ്രചാരണത്തിനുള്ള മറുപടി കൂടിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ‘പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ തടസ്സമില്ല’ എന്നാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചത്.
ബിജെപി നേതാവ് അശ്വിനി ഉപാധ്യായയുടെ ഹര്‍ജി തള്ളിയായിരുന്നു ഇത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് സുപ്രീംകോടതി നിരീക്ഷണമെന്ന് അഡ്വ. കാളീശ്വരംരാജ് പ്രതികരിച്ചു. ഭരണഘടനയെ അട്ടിമറിക്കാനുള്ള നിയമനിര്‍മ്മാണങ്ങളാണ് അടുത്തകാലത്ത് നടക്കുന്നത്. പൗരത്വഭേദഗതി നിയമം തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.
ലൗജിഹാദ് നിയമം മതേതരത്വത്തിന് വിരുദ്ധമാണ്. കാര്‍ഷിക നിയമങ്ങള്‍ സാമൂഹ്യനീതിയുടെ നിഷേധമാണ്. ഭരണഘടനാതത്വങ്ങളെ അട്ടിമറിക്കാന്‍ നിയമ നിര്‍മ്മാണങ്ങളെ ആയുധമാക്കുന്നത് പതിവായിട്ടുണ്ട്. ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി ജനങ്ങളെ വിഭജിക്കാനും പരസ്പരം ശത്രുക്കളാക്കാനുമുള്ള ശ്രമങ്ങള്‍ സജീവമാണ്. അതിനെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുള്ള ശക്തമായ നിരീക്ഷണങ്ങളാണ് കോടതിയില്‍ നിന്നുണ്ടായിട്ടുള്ളതെന്നും കാളീശ്വരം രാജ് ചൂണ്ടിക്കാണിച്ചു.