മീററ്റ് : ഗര്‍ഭച്ഛിദ്രം നടത്തുന്നതിനായി കാമുകന്‍ നല്‍കിയ ഗുളികകള്‍ കഴിച്ച യുവതിക്ക് ദാരുണാന്ത്യം. യുപിയിലെ മീററ്റിലാണ് സംഭവം. ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ച 24കാരി അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചത്. കാമുകന്റെ വിവാഹദിനം തന്നെയാണ് യുവതി മരിക്കുന്നതും. അതേസമയം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ കാമുകന്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.
അഞ്ചുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കുന്നത്. ചൊവ്വാഴ്ചയോടെ മരിക്കുകയും ചെയ്തു. ആശുപത്രിക്കിടക്കയില്‍ യുവതി മരണത്തോട് പൊരുതുമ്പോള്‍ യുവാവ് തന്റെ വിവാഹ ആഘോഷങ്ങളുടെ തിരക്കിലായിരുന്നു. ഇവരുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാമുകനായ രാഹുല്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് പറയുന്നതനുസരിച്ച് രാഹുലും മരിച്ച 24കാരിയും തമ്മില്‍ കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. ഈ ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായി. എന്നാല്‍ രാഹുല്‍ മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇയാളുടെ വിവാഹദിനത്തില്‍ തന്നെയാണ് യുവതി ഗര്‍ഭം അലസിപ്പിക്കുന്നതിനായി ഗുളികകള്‍ കഴിച്ചതും. അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ബുലന്ദ്ഷഹറിലെ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. എന്നാല്‍ നില വഷളായതോടെ മീററ്റ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക രാഹുല്‍ തന്നെയാണ് നല്‍കിയതെന്ന വിവരം യുവതിയുടെ കുടുംബമാണ് അറിയിച്ചത്.
വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളുടെ വിവാഹത്തിന് അല്‍പസമയം മാത്രം ബാക്കി നില്‍ക്കെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.